സിപിഐയെ മുഖ്യമന്ത്രി വിദഗ്ധമായി പറ്റിച്ചു; മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്; പിഎം ശ്രീയില്‍ സര്‍ക്കാരിനെതിരെ വി.ഡി സതീശന്‍

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് വി. ഡി. സതീശന്‍ ആരോപിച്ചു. പദ്ധതിയില്‍ നിന്ന് പിന്മാറുമോ ഇല്ലയോയെന്ന് വ്യക്തമായി പറയാന്‍ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ വിദഗ്ധമായി പറ്റിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണെന്ന് സിപിഐ എങ്കിലും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയില്‍ സിപിഐയേക്കാള്‍ സ്വാധീനം ബിജെപിക്കാണെന്ന് സംശയമില്ലാതെ തെളിഞ്ഞുവെന്നും വി. ഡി. സതീശന്‍ പറഞ്ഞു. പിഎം ശ്രീയില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാര്‍ ഒപ്പിട്ടത് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നും എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളില്‍ ഉണ്ടായതെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ച് കരാര്‍ ഒപ്പിട്ട ശേഷം പിടിക്കപ്പെട്ടപ്പോള്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് മുഖ്യമന്ത്രി.”ഇത് എന്തൊരു ഭരണമാണെന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹിക്കാനാകാതെ അതേ ചോദ്യം സിപിഐ ചോദിച്ചപ്പോള്‍ അതിന് പരിഹസിച്ച് ചിരിക്കുകയാണ് മറുപടിയെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

 

Scroll to Top