ശബരിമല സ്വര്‍ണക്കവര്‍ച്ച; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍; 13 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 13 ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയത്. പോറ്റിയെ റിമാന്‍ഡ് ചെയത് തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി.

തുറന്ന കോടതിയിലായിരുന്നു പോറ്റിയുടെ കേസ് പരിഗണിച്ചത്. പരാതികളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല, പക്ഷെ അസുഖമുണ്ടെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ അറിയിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17ന് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷിനാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റാന്നി കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഒക്ടോബര്‍ 28നാണ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.

Scroll to Top