
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അസറുദ്ദീന്‍ കൂടി അംഗമായതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പതിനാറായി. മന്ത്രിസഭയിലെ ആദ്യ മുസ്ലിം അംഗമാണ് അസറുദ്ദീന്‍. അതേസമയം, അസറുദ്ദീനെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സാമൂഹികനീതി ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
നവംബര്‍ 11-ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജൂബിലിഹില്‍സ് മണ്ഡലത്തിലെ വിജയം ലക്ഷ്യമിട്ടാണ് അസറുദ്ദീനെ രേവന്ത് സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. അസറുദ്ദീന്റെ മന്ത്രിസഭാ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉന്നയിച്ചാണ് പരാതി നല്‍കിയത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സില്‍നിന്ന് അസറുദ്ദീന്‍ മത്സരിച്ചിരുന്നെങ്കിലും ബിആര്‍എസിന്റെ മഗന്തി ഗോപിനാഥിനോട് പരാജയപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഗോപിനാഥ് മരിച്ചതിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂനപക്ഷത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നു. ആന്ധ്രപ്രദേശ് ആയിരുന്ന സമയത്തും സര്‍ക്കാരുകളില്‍ എല്ലായ്പ്പോഴും ന്യൂനപക്ഷത്തുനിന്നുള്ളവരുണ്ടായിരുന്നു. ദീര്‍ഘകാലമായി നിലനിന്നിരുന്ന അസന്തുലിതാവസ്ഥ ലളിതമായി പരിഹരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മഹേഷ് ഗൗഡ പറഞ്ഞു. നിലവില്‍ തെലങ്കാന നിയമസഭയിലെയോ നിയമസഭാ കൗണ്‍സിലിലെയോ അംഗമല്ല അസറുദ്ദീന്‍.



