‘ചഡ്ഡി ഗ്യാങ്ങി’നെ വെടിവെച്ച് കീഴ്പ്പെടുത്തി മംഗളൂരു പൊലീസ്

തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ വെടിവെച്ച് കീഴ്‌പ്പെടുത്തി മംഗളൂരു പൊലീസ്. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ ‘ചഡ്ഡി ഗ്യാങ്ങി’ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പൊലീസ് കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ഉടനെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് കൊടുത്ത പൊലീസ് പിന്നാലെ ഓടി മുട്ടിന് താഴെ വെടിവെച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. അതേസമയം പരിക്കേറ്റ പ്രതികള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റ പൊലീസുകാരും ചികിത്സയിലാണ്.

മംഗളൂരുവിലെ വീട്ടില്‍ കവര്‍ച്ചനടത്തി 13 ലക്ഷം മൂല്യംവരുന്ന വജ്രവും സ്വര്‍ണാഭരണങ്ങളും വാച്ചുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ചഡ്ഡി ഗ്യാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ ശേഷം ആ വീട്ടിലെ കാറില്‍ കയറിയാണ് സംഘം പോയത്. ഇതിനിടെയിലാണ് അറസ്റ്റിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

 

Scroll to Top