കേരളത്തിന്റെ ജലപ്പരപ്പിന് മുകളില്‍ സീ പ്ലെയിന്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വാകുന്ന ഈ പദ്ധതി എന്നേ നടപ്പിലാക്കേണ്ടിയിരുന്നതാണ്. ഇരുപത്തിയഞ്ച് മിനിറ്റു കൊണ്ടാണ് ബോള്‍ഗാട്ടി മറീനയില്‍ നിന്നും മാട്ടുപെട്ടി ഡാമിലേക്ക് സീ പ്ലെയിന്‍ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നത് സഞ്ചാരികള്‍ക്കിടയില്‍ സീപ്ലെയിന്‍ സര്‍വീസിനെ കൂടുതല്‍ സ്വീകാര്യമാക്കും.
ഡെസ്റ്റിഷേന്‍ വെഡ്ഡിങ്ങുകള്‍ക്കടക്കം വിമാനത്താവളങ്ങളേയും ടൂറിസം കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുള്ള പദ്ധതി ആകര്‍ഷകമാകും. നന്നായി ഹോം വര്‍ക്ക് ചെയ്ത ശേഷമാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആറുമാസത്തിനകം സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ മാത്രമല്ല അനുബന്ധ വ്യവസായ വാണിജ്യമേഖലകളും വരുമാനവര്‍ധനവുണ്ടാകും, അതോടൊപ്പം കൂടുതല്‍ തൊഴില്‍ അവസരങ്ങളും.
കേരളം പോലെ ടൂറിസം പ്രധാന വരുമാനമാര്‍ഗമായ ഒരു സംസ്ഥാനത്തിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആധുനിക സൗകര്യങ്ങളൊരുക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. നമ്മുടെയത്ര പോലും സാധ്യതകളില്ലാത്ത സംസ്ഥാനങ്ങള്‍ ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങളുമായി മുന്നേറുമ്പോഴാണ് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളെ എന്തെങ്കിലുമൊക്കെ വരട്ടുവാദം പറഞ്ഞ് മുടക്കുന്നത്.
കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാനാകും എന്നതാണ് സീപ്ലെയിന്‍ പോലുള്ള പദ്ധതികളുടെ മേന്‍മ. വിദേശസഞ്ചാരികളേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇപ്പോള്‍ കേരളത്തില്‍ എത്തുന്നത്. ഒന്നോ രണ്ടോ ദിവസത്തേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വിവിധ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള സീപ്ലെയിന്‍ പദ്ധതി ആകര്‍ഷകമായിരിക്കും. കേരളത്തിലെ നാലു വിമാനത്താവളങ്ങളേയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കല്‍, മൂന്നാര്‍ എന്നിവിടങ്ങളേയും സംയോജിപ്പിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സീപ്ലെയിന്‍ പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ആര്‍ടിഎസ് ഉടാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ പരീക്ഷണപറക്കല്‍. ഇപ്പോള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന റൂട്ട് കേന്ദ്രം അംഗീകരിച്ചാല്‍ ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സ്വകാര്യസംരംഭകരെ പദ്ധതിയില്‍ പങ്കാളികളാക്കണോ എന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
സാധാരണ വിമാനത്താവളങ്ങള്‍ക്ക് പുറമേ തടാകങ്ങളിലും, കായലിലും അണക്കെട്ടുകളിലും വരെ വിമാനമിറക്കാമെന്നതാണ് സീപ്ലെയിനുകളുടെ പ്രധാന ആകര്‍ഷണം. കായലും കടലും അണക്കെട്ടുകളുമെല്ലാം നിറഞ്ഞ കൊച്ചു കേരളത്തിന് സീപ്ലെയിന്‍ തുറന്നിടുന്നത് വികസനത്തിന്റെ അന്തരസാധ്യതയാണ്. 14 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ പരീക്ഷണപറക്കലിന് ഉപയോഗിക്കുന്നത്. കൂടുതല്‍ സര്‍വീസുകളുണ്ടാകുന്നതോടെ പൈലറ്റുമാരെ ആവശ്യമായി വരുമെന്നതിനാല്‍ പരിശീലന അക്കാദമികള്‍ക്കും അവസരമൊരുങ്ങും.
സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന തരത്തില്‍ നിരക്കേര്‍പ്പെടുത്തുകയും, സീപ്ലെയിന്‍ നിര്‍മാണത്തിനായി കമ്പനികള്‍ മുന്നോട്ടുവരികയും ചെയ്താല്‍ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് സീപ്ലെയിന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കേരളത്തിന്റെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ഈ പദ്ധതി സഹായകമാകും.
വിനോദസഞ്ചാരം പോലെ തന്നെ സമുദ്രോത്പന്ന കയറ്റുമതിയും വരുമാനമാര്‍ഗമായ രാജ്യമാണ് മാലി ദ്വീപ്, സീപ്ലെയിന്‍ സര്‍വീസ് അവരുടെ വിനോദസഞ്ചാരമേഖലയുടെ ഭാഗമാണ്. മാലിദ്വീപിന് ഉണ്ടാക്കാത്ത ഒരു പ്രതിസന്ധിയും സീ പ്ലെയിന്‍ നമുക്കും ഉണ്ടാക്കില്ല. നൂറോളം സീപ്ലെയിന്‍ സര്‍വീസുകളാണ് നിലവില്‍ മാലിദ്വീപില്‍ ഉള്ളത്. മാലിദ്വീപിനോട് മത്സരിക്കാന്‍ തക്കവിധം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രാപ്തമാക്കാന്‍ ഉതകുന്നതാണ് സീപ്ലെയിന്‍ പദ്ധതി.
കേവലം വിനോദസഞ്ചാരമേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല സീപ്ലെയനുകളുടെ ഗുണഫലം എന്ന് ഏവിയേഷന്‍ സെക്രട്ടറി ബിജുപ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. മാലിദ്വീപില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനും സീപ്ലെയിന്‍ സര്‍വീസുകള്‍ ഉപകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മുടെ മലയോരമേഖലകളിലെ സാധാരണക്കാര്‍ക്കും സീപ്ലെയിന്‍ സര്‍വീസ് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കാം. 2 മീറ്റര്‍ ആഴവും ഒരു കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഏത് ജലാശയത്തിലും ഇറങ്ങാമെന്നത് സീപ്ലെയിന്‍ സര്‍വീസ് ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായകരമാകും
സംസ്ഥാനത്ത് കോവളം, അഷ്ടമുടിക്കായല്‍, പുന്നമടക്കായല്‍, ബോള്‍ഗാട്ടി , മലമ്പുഴ ഡാം, മാട്ടുപ്പെട്ടി ഡാം, കാസര്‍കോഡ് ചന്ദ്രഗിരി പുഴ എന്നിവിടങ്ങളില്‍ വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട് . ഇവ കൂടി നടപ്പിലാക്കുന്നതോടെ, ടൂറിസം രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ഗുജറാത്തില്‍ സീപ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. നമ്മുടെ അയല്‍സംസ്ഥാമായ ആന്ധ്രയും കഴിഞ്ഞ ദിവസം വിജയവാഡയില്‍ നിന്നും സീപ്ലെയിന്‍ സര്‍വീസ് പരീക്ഷിച്ചു.