നാടുമുഴുവന്‍ ഒലിച്ചു പോയിട്ടില്ല, മൂന്ന് വാര്‍ഡ് മാത്രമേ പോയിട്ടുള്ളുവെന്ന് വി മുരളീധരന്‍

wayand muraleedharan

ചൂരല്‍മല ദുരന്തത്തെ നിസാരവത്കരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. ഒരു നാട് ഒലിച്ചുപോയെന്ന് പറയുന്നത് തെറ്റാണ്. രണ്ട് പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നാണ് മുരളീധരന്റെ അഭിപ്രായം. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വയനാടിന് കേന്ദ്രസഹായം നിഷേധിക്കപ്പെട്ടതിന ചൊല്ലി പ്രതിഷേധമുയരുന്നതിനിടെയാണ് വി മുരളീധരന്റെ ആക്ഷേപം. കേന്ദ്രസഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഒരു നാടുമുഴുവന്‍ ഒലിച്ചു പോയെന്ന് പറയരുതെന്ന് വി മുരളീധരന്‍ പറഞ്ഞത്. നാടുമുഴുവന്‍ എന്ന വാക്കിനോടാണ് തന്റെ എതിര്‍പ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ അധികസഹായത്തിന്റെ പേരില്‍ ഇന്ത്യാ സഖ്യം വ്യാജപ്രചരണം നടത്തുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ ആരോപിച്ചു. 214 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. 788 കോടി സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലിരിക്കുകയാണ്. അതുകയ്യിലിമ്പോഴാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യില്‍ വച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൈമലർത്തിയതു വിവാദമായിരുന്നു. കേന്ദ്രത്തിനെതിരെ വയനാട് ജില്ലയിൽ എൽഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുമ്പോഴാണു മുരളീധരന്റെ പ്രതികരണം. കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1,500 കോടി രൂപ കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചതു സംസ്ഥാന സർക്കാരാണ്. ഇതിനുപുറമേ പുനരധിവാസ പാക്കേജും പൂർത്തിയാക്കണം.
മുരളീധരന്റെ വാക്കുകള്‍ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുകയാണ്. ബിജെപി നേതാവിന്റെ പ്രസ്താവന മര്യാദകേടാണെന്ന് കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞു. ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്താവനയാണിത്. മൂന്നു വാര്‍ഡുകളിലുള്ളവര്‍ മനുഷ്യരല്ലേയെന്നും ടി സിദ്ദിഖ് ചോദിച്ചു.

Scroll to Top