നിജ്ജാര്‍ വധത്തിന്റെ പേരില്‍ വീണ്ടും ഇന്ത്യ – കാനഡ വാക്പോര്. ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന തരത്തില്‍ പുറത്തുവന്ന കാനഡയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും വാക്പോര് ആരംഭിച്ചത്. പ്രധാനമന്ത്രിയെ ചെളിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാള്‍ ആരോപിച്ചു
നിജ്ജറിനെ കൊലപ്പെടുത്താനുള്ള പദ്ധതി നരേന്ദ്രമോദിയുടെ അറിവോടെയാണ് നടപ്പാക്കിയത് എന്ന് ഒരു കനേഡിയന്‍ ഉദ്യോഗസ്ഥന്‍ ഗ്ലോബ്, മെയില്‍ എന്നീ ദിനപത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ അഭിമുഖമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യമന്ത്രിയും ഈ ഗൂഢാലോചനയില്‍ പങ്കാളികാളെന്നും പ്രസ്തുത അഭിമുഖത്തില്‍ പറയുന്നു.
കനേഡിയന്‍ സര്‍ക്കാരില്‍ നിന്ന് പത്രത്തിന് ലഭിച്ചതായി പറയുന്ന ഇത്തരം പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഇത്തരം അബദ്ധജഡിലമായ പ്രസ്താവനകള്‍ ഉപകരിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും ജസ്റ്റിന്‍ ട്രൂഡോയും ഒരേ വേദിയില്‍ ആശയവിനിമയം നടത്തിയിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്. നയതന്ത്രപ്രശ്നങ്ങള്‍ക്കിടെ ഇരുനേതാക്കളും ജി20 വേദിയിലെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. റിയോ ഡി ജനീറോയിലെ ജി20 സമാപനവേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിന്‍ ട്രൂഡോയും കണ്ടുമുട്ടിയതും സംസാരിച്ചതും
വൈകിപ്പോയതുകൊണ്ട് തിങ്കളാഴ്ചത്തെ ഗ്രൂപ്പ് ഫോട്ടോയില്‍ ഇല്ലാതിരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലാനി എന്നിവരെക്കൂടി ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നരേന്ദ്രമോദിയടക്കമുള്ള നേതാക്കള്‍ വീണ്ടും നടത്തിയ ഫോട്ടോസെഷന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്. ബൈഡന്റെ ഇരുവശങ്ങളില്‍ നില്‍ക്കുന്ന മോദിയും ട്രൂഡോയും ആശയവിനിമയം നടത്തുന്നതും ചിരിക്കുന്നതും ചിത്രങ്ങളിലുണ്ട്. ഫോട്ടോസെഷനിടെ ഇരുവരും ജോ ബൈഡന്റെ മധ്യസ്ഥതയില്‍ സംസാരിക്കുകയായിരുന്നു