
ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ സര്‍ക്കാർ ഇപ്പോഴും തയാറല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഒരു വര്‍ഷമായിട്ടും ദുരന്ത ഭൂമിയില്‍ നിന്നുള്ള അടക്കിപ്പിടിച്ച കരച്ചിലുകളും നിലവിളികളും കേരളമാകെ കേള്‍ക്കുന്നുണ്ട്. ഉറ്റവരും ജീവനോപാദികളും വാസസ്ഥലവും നഷ്ടപ്പെട്ട് ജീവിക്കാന്‍ നിവൃത്തിയില്ലാതെ അഭയാര്‍ത്ഥികളായി മാറിയ ആ മനുഷ്യരെ ചേര്‍ത്തു പിടിക്കാനോ അവരുടെ സങ്കടങ്ങള്‍ കാണാനോ സര്‍ക്കാരുകളും ഭരണസംവിധാനങ്ങളും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു.
വയനാട്ടിലെ രക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയാണ് കേരളത്തിലെ പ്രതിപക്ഷം നല്‍കിയത്. സര്‍ക്കാരിനെ വിമര്‍ശിക്കാവുന്ന ഒട്ടനവധി കാര്യങ്ങളുണ്ടായിട്ടും പ്രതിപക്ഷം ഭരണ സംവിധാനത്തിനൊപ്പം നിന്നു. എന്നിട്ടും ദുരിത ബാധിതരുടെ പട്ടിക തയാറാക്കുന്നതില്‍ പോലും സര്‍ക്കാരും റവന്യൂ വകുപ്പും ദയനീയമായി പരാജയപ്പെട്ടുവെന്നും വി ഡി സതീശൻ ആരോപിച്ചു.
മത- രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനം ഒറ്റക്കെട്ടായി നിന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.1 1 കോടി രൂപയാണ് ഒഴുകിയെത്തിയത്. പൊതുജനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും നല്‍കിയ 455.54 കോടിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോള്‍ 91.74 കോടി രൂപ അതായത് 12 ശതമാനം മാത്രമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിനെയും ഫേസ്ബുക് കുറിപ്പിൽ വി ഡി സതീശൻ വിമർശിച്ചു. പ്രധാനമന്ത്രി ദുരന്ത മേഖല സന്ദര്‍ശിച്ചതല്ലാതെ കേന്ദ്ര സര്‍ക്കാരും ക്രൂരമായ അവഗണനയാണ് വയനാടിനോടും കേരളത്തോടും കാട്ടിയത്. എല്‍ 3 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അതിതീവ്ര ദുരന്തമാണെന്ന് പ്രഖ്യാപിച്ചിട്ടു പോലും പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിഷയം കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതുമാണ്. ഇതിനൊപ്പമാണ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒഴിഞ്ഞുമാറുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.



