
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടു പോകരുത് എന്നിവയാണ് മറ്റ് ഉപാധികള്‍. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.



