
ഈസ്റ്റ് ജെറുസലേമിലെ ഓൾഡ് ടൗണിലുള്ള അൽ അഖ്സ പള്ളിയിൽ കാലങ്ങളായുള്ള കീഴ്‌വഴക്കങ്ങൾ ലംഘിച്ച് ജൂത പ്രാർത്ഥന നടന്നിരിക്കുകയാണ്. ഇസ്രയേലിലെ തീവ്ര വലതുപക്ഷവാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആണ് മിഡിൽ ഈസ്റ്റിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാർഥന നടത്തിയത്. ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെയാണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ഗ്വിർ പ്രാർഥന നടത്തിയത്.
മതത്തിന്റെ പേരില്‍ ആക്രമങ്ങള്‍ നടക്കുന്ന പ്രദേശമാണ് ജറുസലേമിലെ അല്‍ അഖ്സ. അല്‍ അഖ്സ പ്രദേശത്ത് എല്ലാ മതസ്ഥര്‍ക്കും സന്ദര്‍ശനം നടത്താമെങ്കിലും മുസ്ലീങ്ങള്‍ക്ക് മാത്രമാണ് അല്‍ അഖ്സ മോസ്‌കില്‍ ആരാധന നടത്താന്‍ അനുവാദമുള്ളത്.അൽ അഖ്സ പരിസരത്ത് അമുസ്ലീം പ്രാർത്ഥന നിയന്ത്രിക്കുന്ന നിയമങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിക്കുന്നുമുണ്ട്.
എവിടെയാണ് അല്‍ അഖ്സ?
ജൂതന്‍മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ പുണ്യഭൂമിയായി കരുതുന്ന ജറുസലേമിലാണ് അല്‍ അഖ്സ പള്ളി അഥവാ മസ്ജിദുല്‍ അഖ്സ സ്ഥിതി ചെയ്യുന്നത്. ജറുസലേമിലെ മൗണ്ട് മോറിയ അഥവാ മോറിയ കുന്നിലെ ഒരു പ്രദേശമായ ടെമ്പിള്‍ മൗണ്ട് എന്ന് പേരുള്ള 37 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ചെറു കുന്നിൻ പ്രദേശത്താണ് ജൂതന്‍മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. ഹര്‍ ഹ ബൈത് അഥവാ ടെമ്പിള്‍ മൗണ്ട് എന്ന് ജൂതരും അല്‍ ഹറം അല്‍ ഷരീഫ് അല്ലെങ്കില്‍ വിശുദ്ധ അഭയസ്ഥാനം എന്ന് മുസ്ലീങ്ങളും ഈ കുന്നിനെ വിളിക്കുന്നു.
മുസ്ലീങ്ങളുടെ രണ്ട് ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു കോമ്പൗണ്ടിനെയാണ് അല്‍ അഖ്സ എന്ന് വിളിക്കുന്നത്. ഡോം ഓഫ് ദ റോക്കും അല്‍ അഖ്സ പള്ളിയുമാണ് ഇത്. അല്‍ അഖ്സ പള്ളിയെ ഖിബ്ലി മോസ്‌ക് എന്നും അറിയപ്പെടുന്നു. മുസ്ലീങ്ങളുടെ ആദ്യത്തെ ഖിബിലയാണ് അല്‍ അഖ്സ മോസ്‌ക്. ഖിബിലയ്ക്ക് അഭിമുഖമായാണ് മുസ്ലീങ്ങള്‍ നിസ്‌ക്കരിക്കുന്നത്. മുസ്ലീങ്ങള്‍ ഇപ്പോള്‍ മക്ക പള്ളിയുടെ ദിശയിലേക്ക് തിരിഞ്ഞാണ് നിസ്‌ക്കരിക്കുന്നത്. അതായത് മക്ക പള്ളിയാണ് ഇപ്പോഴത്തെ ഖിബില. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മതത്തിൽ മൂന്നാമത്തെ വിശുദ്ധ ഇടമാണ് അൽ അഖ്സ. എട്ടാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. മുസ്ലീം, ക്രിസ്ത്യന്‍ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോര്‍ദാനാണ് ഈ സ്ഥലത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്.
സംഘർഷങ്ങളുടെ തുടക്കം
1967ലെ യുദ്ധശേഷം കിഴക്കൻ ജറൂസലമിൽ അധിനിവേശം ആരംഭിച്ച ഇസ്രായേൽ അൽ അഖ്സ പ്രദേശത്തിനുമേൽ സമ്പൂർണ നിയന്ത്രണം നേടാൻ നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. ജൂത വിശ്വാസികളെ പടിഞ്ഞാറൻ മതിലിൽ പ്രാർഥന നടത്താൻ ഇസ്രായേലി അധികൃതർ അനുവദിച്ചെങ്കിലും അൽ-അഖ്സക്കുള്ളിൽ അനുമതി നൽകിയില്ല. അൽ അഖ്സയുടെ അധികാരം പിടിച്ചെടുത്ത് അവിടെ ആരാധനാലയം നിർമിക്കുക എന്നത് തീവ്ര ജൂത സംഘടനകളുടെ ലക്ഷ്യങ്ങളിലൊന്നാണ്.
1988ൽ ഇസ്രായേൽ സൈന്യം നടത്തിയ അക്രമത്തിൽ നിരവധി തീർഥാടകർക്ക് പരിക്കു പറ്റിയിരുന്നു. നിയമങ്ങള്‍ ലംഘിച്ച് ജൂതന്മാര്‍ ഈ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതും പരസ്യമായി പ്രാര്‍ഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികള്‍ക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായി. കൃത്യമായി പറഞ്ഞാല്‍ 24 വര്‍ഷം മുന്‍പ്, 2000 ആണ്ടിലാണ് അത് തുടങ്ങിയത്.അല്‍ അഖ്സ പള്ളിയിലും ടെമ്പിള്‍ മൗണ്ടിലും രണ്ട് പതിറ്റാണ്ടായി ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ജൂത വിശ്വാസികള്‍ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇസ്രയേല്‍ പിന്തുണയോടെ ജൂത കുടിയേറ്റവും നടക്കുന്നുമുണ്ട്.
2000ത്തില്‍ അന്നത്തെ ഇസ്രയേല്‍ പ്രതിപക്ഷനേതാവും ലിക്കുഡ് പാര്‍ട്ടി നേതാവുമായിരുന്ന ഏരിയല്‍ ഷാരോണും പാര്‍ലമെന്റ്ംഗങ്ങളും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ അവിടെ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഷാരോണ്‍ പറഞ്ഞത് ടെമ്പിള്‍ മൗണ്ട് ജൂതരുടെ പുണ്യസ്ഥലമാണെന്നും അത് അവരുടെ കൈവശമാണെന്നുമാണ്.അതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് അഞ്ച് വര്‍ഷം നീണ്ട അക്രമാസക്തമായ രണ്ടാം അറബ് വിപ്ലവത്തിലേക്ക് നയിച്ചത്. ആയിരക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. പലസ്തീനികളെ ഇസ്രയേല്‍ തടവിലാക്കി. അങ്ങനെ ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ മര്‍മ്മപ്രധാനമായി ഇന്നും ജെറുസലേം തുടരുകയാണ്.
ജൂതമതം
ടെമ്പിള്‍ മൗണ്ട് എന്ന് ജൂതന്‍മാര്‍ വിളിക്കുന്ന ഈ പ്രദേശം അവരെ സംബന്ധിച്ചും ഏറ്റവും പരിശുദ്ധമായി കണക്കാക്കപ്പെടുന്നു. ജൂതമതത്തിന്റെ തുടക്കം തന്നെ ജെറുസലേമിലാണ്. ജറുസലേം അവരുടെ വിശുദ്ധ നഗരവുമാണ്. രണ്ട് സുപ്രധാന ജൂത ദേവാലയങ്ങള്‍ നിലനിന്ന സ്ഥലമാണ് ഇതെന്ന് അവര്‍ വിശ്വസിക്കുന്നു. സോളമന്‍ രാജാവ് ആണ് ആദ്യ ദേവാലയം നിര്‍മ്മിച്ചത്.അതീവ പരിശുദ്ധമായി കരുതപ്പെടുന്ന ഈ ദേവാലയം നിലനിന്നിരുന്ന സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ജൂതന്‍മാരെ അവരുടെ മത നിയമം വിലക്കുന്നുണ്ട്. ആരുടേയും കാല്‍പ്പാടുകള്‍ അവിടെ പതിയാതിരിക്കാനാണ് വിലക്ക്. കാരണം, പാദസ്പര്‍ശമേല്‍ക്കാന്‍ പോലും പാടില്ലാത്ത അത്രയും പരിശുദ്ധമാണ് അവിടെ. കൂടാതെ ലോകസൃഷ്ടി നടന്നത് ഇവിടെയാണ് എന്നും അടിസ്ഥാന ശില ഇവിടെ ഉണ്ട് എന്നും ദൈവസാന്നിധ്യമുണ്ട് എന്നും ജൂതന്‍മാര്‍ വിശ്വസിക്കുന്നു.
രണ്ടാമത്തെ ദേവാലയം ഹേറൂദ് രാജാവ് ആണ് നിര്‍മ്മിച്ചത്. ഇതിന്റെ ഒരു ചുമരു മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്.വെസ്‌റ്റേണ്‍ വാള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അല്‍ അഖ്സ പിള്ളിക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന വെസ്റ്റേണ്‍ വാള്‍ ജൂതന്‍മാരുടെ ഏറ്റവും പരിശുദ്ധമായ ആരാധനാ ഇടമായി കണക്കാക്കപ്പെടുന്നു. വര്‍ഷം മൂന്ന് തവണയെങ്കിലും ജൂതന്‍മാര്‍ ജെറുസലേം സന്ദര്‍ശിക്കണമെന്ന വിശ്വാസവും ഉണ്ട്. ജൂതന്‍മാരുടെ മൂന്ന് പ്രധാന ഉത്സവങ്ങളോട് അനുബന്ധിച്ചാണ് ഈ മൂന്ന് പ്രാവശ്യം സന്ദര്‍ശിക്കണം എന്ന് പറയപ്പെടുന്നത്.
ഗാസ യുദ്ധം
അൽ അഖ്സ സംഘർഷമാണ് 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന് പിന്നിൽ. ജൂത തീർത്ഥാടക ആഘോഷമായ സുകോത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ഇസ്രയേൽ വംശജർ അൽ – അഖ്സ മേഖലയിലേക്ക് കടന്നുകയറി. പിന്നാലെ ‘ഓപ്പറേഷൻ അൽ അഖ്സ സ്റ്റോം” എന്ന പേരിൽ ഹമാസ് ഇസ്രയേലിനെ ആക്രമിച്ചു. തിരിച്ചടിയായി ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങി.
ഇപ്പോൾ നടക്കുന്നത്
ഇസ്രയേല്‍, ഹമാസ് യുദ്ധം രൂക്ഷമായി തുടരുമ്പോഴാണ് ഇസ്രയേല്‍ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ വിവാദ പരാമര്‍ശം നടത്തിയത്.
തനിക്ക് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെങ്കില്‍ അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍അഖ്സ മോസ്‌ക് കോമ്പൗണ്ടില്‍ ജൂതപ്പള്ളി പണിയുമെന്നാണ് ഗ്വിര്‍ പറയുന്നത്. എന്നാല്‍, ഇതിനെ തള്ളി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് രംഗത്ത് വന്നു. അല്‍ അഖ്സ പള്ളിയുടെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുന്നത് അപകടമാണ്. അന്താരാഷ്ട്ര സമൂഹത്തിലെ ഇസ്രയേലിന്റെ അംഗീകാരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും ഗ്വീറിന്റെ പ്രസ്താവനയെ തള്ളി രംഗത്ത് വന്നു.



