ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം: നൂറോളംപേരെ കാണാതായി, 4 മരണം

ധരാലിയിലെ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.4 മരണം സ്ഥിരീകരിച്ചു. 8 സൈനികർ അടക്കം നൂറോളംപേരെ കാണാതായി. 7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് സൈനികരെ കാണാതായത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് ധരാലിക്കു മുകളിലുള്ള മലയിൽനിന്ന് വലിയ ശബ്ദത്തോടെ പ്രളയജലവും മണ്ണും കുത്തിയൊഴുകിയത്. വിനോദസഞ്ചാരകേന്ദ്രമായതിനാൽ വീടുകൾക്കുപുറമേ ധാരാളം ഹോട്ടലുകളും ഹോംസ്റ്റേകളും പ്രദേശത്തുണ്ട്. ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയി. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്. 37 പേരെ ഇൻഡോ–ടിബറ്റൻ ബോർഡ് പൊലീസ് രക്ഷപ്പെടുത്തി.

രാത്രിയിലും കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിനു തടസ്സമായി. മണ്ണിടിച്ചിൽ കാരണം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ധരാലി.

Scroll to Top