അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു; കടുത്ത നടപടി

അനധികൃതമായി സേവനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന 51 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.ഏറെനാളുകളായി സർവീസിൽനിന്ന് വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചത്.

ഇടുക്കി ഉടുമ്പന്‍ചോലയില്‍ പുതിയ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും വീണാ ജോര്‍ജ് അറിയിച്ചു. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ കമ്മ്യൂണിറ്റി ഹാളിലാണ് ആശുപത്രി പ്രവര്‍ത്തിക്കുക. ഈ കെട്ടിടത്തില്‍ ആശുപത്രി സൗകര്യങ്ങളൊരുക്കുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. എത്രയും വേഗം സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Scroll to Top