ഇന്ത്യയ്‌ക്കെതിരായ ഭീഷണി; പാക് പട്ടാള മേധാവിയുടെ ഉദ്ദേശമെന്ത്? വെറും ഭീഷണിയോ അതോ പാകിസ്താനില്‍ അധികാരം പിടിക്കലോ?

 

ഇന്ത്യയെ തകര്‍ക്കുമെന്ന ഭീഷണി തുടരുന്നതിലൂടെ പാകിസ്താന്‍ സൈനിക മേധാവി ലക്ഷ്യം വയ്ക്കുന്നതെന്തായിരിക്കും? തുടര്‍ച്ചയായി ഇന്ത്യക്കെതിരെ ആണവ ഭീഷണിയും പ്രകോപനവും തുടരുകയാണ് അസിം മുനീര്‍ ചെയ്യുന്നത്. പതിറ്റാണ്ടുകളായി പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രകോപനവും ഭീഷണിയുമാണ് അസിം മുനീര്‍ തുടരുന്നത്. ഇന്ത്യ സിന്ധുനദിയില്‍ അണക്കെട്ട് നിര്‍മിച്ചാല്‍ അത് തകര്‍ക്കുമെന്നും ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടുമെന്നുമുള്ള അസിം മുനീറിന്റെ പ്രകോപനത്തിന് പിന്നിലെ രാഷ്ട്രീയം എന്താണെന്ന് വളരെ ഗഹനമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ മണ്ണിലെത്തി അസിം മുനീര്‍ ഇന്ത്യ പോലൊരു രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്ത് ചെന്ന് ഇത്തരം ഭീഷണി നടത്തിയത് എന്തിനായിരിക്കും എന്ന കാര്യം വളരെ വലിയ രീതിയില്‍ തന്നെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അസിം മുനീറിന്റെ പ്രകോപനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്.

അമേരിക്ക പോലെ ഇന്ത്യയുടെ നല്ല സൗഹൃദ രാഷ്ട്രത്തിലെത്തിയാണ് അസിം മുനീര്‍ ഈ പ്രകോപനവും സ്‌ഫോടനാത്മകവുമായ പ്രസംഗം നടത്തിയതെന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഈ പ്രസ്താവനകള്‍ എല്ലാം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലോ അന്വേഷണമോ നടന്നിട്ടില്ല. അതേസമയം, രണ്ടു മാസത്തിനിടെ അസിം മുനീര്‍ അമേരിക്കയില്‍ നടത്തിയ രണ്ട് സന്ദര്‍ശനങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. രണ്ടാഴ്ച മുന്‍പ് അസിം മുനീര്‍ അമേരിക്കയിലെത്തി പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ കണ്ടിരുന്നു. ഇതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന ഒരു അത്താഴ വിരുന്നില്‍ പങ്കെടുക്കവേയായിരുന്നു അസിമിന്റെ ഈ പ്രകോപന പ്രസംഗം. ഒപ്പം, അത്താഴ വിരുന്നില്‍ പങ്കെടുക്കാനെത്തും മുന്‍പ് തന്നെ വിരുന്നിലെത്തുന്ന അതിഥികള്‍ മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന് അസിം വിലക്കുകയും ചെയ്തിരുന്നു. ഈ നീക്കം തന്നെ അത്താഴ വിരുന്നില്‍ എന്തോ കാര്യമായി പറയാന്‍ പോകുന്നുവെന്ന ധ്വനി പടര്‍ത്തിയിരുന്നു.

ഏതെങ്കിലും തരത്തില്‍ പാകിസ്താന്റെ നിലനില്‍പിന് ഇന്ത്യ ഭീഷണിയായാല്‍ ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന പ്രസ്താവന അത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ല എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഒപ്പം അസിം മുനീര്‍ എന്ന പാക് പട്ടാള മേധാവിക്ക് ഡോണള്‍ഡ് ട്രംപുമായും അമേരിക്കയുമായുള്ള സൗഹാര്‍ദവും എടുത്തു കാണണം. അതുകൊണ്ട് തന്നെ പാകിസ്താന്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതി ഭാഗത്തെയും കൂടെ കൊണ്ടു പോകുമെന്ന് കൂടി അസിം ഭീഷണി മുഴക്കുന്നുണ്ട്. ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടി അസിം നടത്തുന്നുണ്ട്. സിന്ധുനദിയില്‍ അണക്കെട്ട് പണിത് സിന്ധുനദീജല കരാര്‍ റദ്ദാക്കാനാണ് തീരുമാനമെങ്കില്‍ ഖേദിക്കേണ്ടി വരുമെന്ന് അസിം മുനീര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ അപ്പോള്‍ തന്നെ മിസൈല്‍ അയച്ച് തകര്‍ക്കുമെന്ന ഭീഷണിയും തങ്ങള്‍ക്ക് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നതോടെ പട്ടാള മേധാവിയുടെ ഭീഷണി നിസ്സാരമല്ലെന്ന് വ്യക്തമാകുന്നുണ്ട്.

ഇന്ത്യ അടുത്തിടെ പാകിസ്താനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും പാകിസ്താനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പട്ടാളമേധാവിയുടെ ഈ പ്രസ്താവനയോട് ചേര്‍ത്തുവായിക്കണം. അഞ്ചു പാകിസ്താന്‍ വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു കളഞ്ഞു എന്ന് അടുത്തിടെ ഇന്ത്യന്‍ സൈനിക മേധാവി പറഞ്ഞിരുന്നു. പാകിസ്താന്റെ പല സൈനിക വിമാനത്താവളങ്ങള്‍ തകര്‍ത്തു, അവരുടെ മിസൈല്‍ സംവിധാനം തകര്‍ത്തു, നാലുദിവസം കൊണ്ട് വലിയ രീതിയിലുള്ള നഷ്ടങ്ങളുണ്ടാക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള കാര്യങ്ങളില്‍ പാകിസ്താനുണ്ടായ നഷ്ടങ്ങളെ കുറിച്ചുള്ള വിവരം പുറത്തുവന്നത് പാകിസ്താന് നാണക്കേടുണ്ടാക്കിയെന്നും അതാകാം പ്രകോപനത്തിന് കാരണമെന്നും വേണം കരുതാന്‍. ഒപ്പം പാകിസ്താന്റെ ആണവായുധ ഭീഷണിയെ ഇന്ത്യ പുച്ഛിച്ചു തള്ളിയിട്ടുമുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അംബാനിയുടെ റിലയന്‍സ് റിഫൈനറി തകര്‍ക്കും എന്നതടക്കമുള്ള ഭീഷണി ചെറുതായി കാണാനാകില്ല. അസിമിന്റെ പ്രകോപനം ഒരു വിടുവായത്തമായി തള്ളിക്കളയാനുമാകില്ല.

അസിമിന്റെ ഈ വെല്ലുവിളികള്‍ക്കും പ്രകോപനങ്ങള്‍ക്കും പിന്നില്‍ ഒന്നിലധികം ഉദ്ദേശലക്ഷ്യങ്ങളുണ്ടെന്ന് തന്നെ കരുതണം. അതിന് അമേരിക്കയും പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും മൗനാനുവാദം നല്‍കുന്നുമുണ്ട്. അസിമിന്റെ പ്രകോപന പ്രസ്താവന വന്ന സന്ദര്‍ഭം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. രണ്ടുമാസത്തിനിടെ അമേരിക്കയിലേക്ക് രണ്ടു തവണയാണ് അസിം മുനീര്‍ സന്ദര്‍ശനം നടത്തിയത്. ഒരു പട്ടാള മേധാവിക്കും ലഭിക്കാത്ത തരത്തിലുള്ള പരിഗണനയും അംഗീകാരവും അസിമിന് അവിടെ ഡോണള്‍ഡ് ട്രംപില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്. ഇക്കാലയളവിനിടയില്‍ ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദത്തില്‍ നേരിയ ഉലച്ചില്‍ തട്ടിയിരുന്നു. അമേരിക്ക ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക താരിഫിനെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയാണ് ബന്ധം ഉലയാന്‍ കാരണം. ഈ ഭിന്നത മുതലെടുത്ത് അമേരിക്കയുടെ പങ്കാളിത്തത്തോടെ ഇന്ത്യക്കു മേല്‍ ആക്രമണം നടത്താനുള്ള പദ്ധതി അസിം ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന കാര്യം കൂടി ഇത്തരുണത്തില്‍ ആലോചിക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യം ഈയൊരു നിഗമനത്തിലേക്ക് നമ്മളെ എത്തിക്കും. പാകിസ്താനില്‍ ജനാധിപത്യം ഇല്ലാതായി., സൈന്യവും ഭീകരസംഘടനകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പാകിസ്താനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അങ്ങനെ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് പാകിസ്താനിലുള്ളത്. അതും അസിം മുനീറിന്റെ ഈ പരാമര്‍ശവുമായി കൂട്ടിക്കെട്ടി വായിക്കണം. 1999-ല്‍ അന്നത്തെ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ് നടത്തിയ നീക്കത്തിന് സമാനമായ നീക്കമാണ് അസിം ഇപ്പോള്‍ നടത്തുന്നത്. അതായത് അസിമിന്റെ ലക്ഷ്യം അധികാരം പിടിക്കുക എന്നത് തന്നെയാണ്. അതായത് പാകിസ്താനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ട്, അവിടെ ഇപ്പോള്‍ തന്നെ തകര്‍ന്നിരിക്കുന്ന ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത് മേല്‍ക്കോയ്മ സ്ഥാപിക്കുക എന്നതായിരിക്കാം അസിമിന്റെ പ്രധാന നോട്ടം. ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യയ്ക്ക് മറുപടി നല്‍കാന്‍ സൈന്യത്തിന് മാത്രമേ സാധിക്കൂ എന്ന ചിന്തയും പാകിസ്താനിലുണ്ട്.

2016-ല്‍ ആദ്യം ട്രംപ് ഭരണകൂടം അമേരിക്കയില്‍ അധികാരത്തിലെത്തിയപ്പോള്‍ നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അന്ന് ട്രംപ് പാകിസ്താനെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഈ അടുപ്പം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കുമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അനുയായികളും ഇന്ത്യയില്‍ പാടി നടന്നിരുന്നത്. എന്നാല്‍, രണ്ടാം ട്രംപ് ഭരണത്തില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അധിക ഇറക്കുമതി തീരുവ ചുമത്തുക വഴി ഇന്ത്യയും അമേരിക്കയും ചെറിയ വഴക്കുകള്‍ ഉടലെടുത്തു. ഈ പിണക്കം മുതലെടുക്കാനാകുമോ എന്നാണ് അസിം മുനീര്‍ കരുതുന്നത്. ഇവയെല്ലാം അസിം മുനീറിന്റെ ഭീഷണിയും പ്രകോപനവുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നേക്കും.

Scroll to Top