
കൊച്ചി : ചെന്നൈയില്‍ താമസിക്കുന്ന മലയാളി വ്യവസായിയുടെ കത്തിലൂടെ പുറത്തുവന്ന റിവേഴ്സ് ഹവാല ഇടപാട് സിപിഐഎമ്മിന്റെ ഇതുവരെ ആരും കാണാത്ത മുഖമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കത്തിലൂടെ പുറത്ത് വന്നിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സി.പി.എം നേതാക്കളും പ്രധാനപ്പെട്ട സി.പി.എം നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടെ നിരവധി പേര് സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്ന് കത്തില്‍ പറയുന്നുണ്ട്. 2021ല്‍ സി.പി.എം പോളിറ്റ് ബ്യൂറോക്ക് നല്കിയെന്നു പറയുന്ന കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി ഇതുവരെ മൂടിവച്ചതെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
കിങ്ഡം സെക്യൂരിറ്റി സര്‍വീസ് എന്ന പേരില്‍ ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ എത്തിച്ച് കേരളത്തിലെ സി.പി.എം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു എന്നതാണ് കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ചെന്നൈയില്‍ താമസിക്കുന്ന മലയാളി വ്യവസായി സി.പി.എം പി.ബിക്കും സംസ്ഥാന കമ്മിറ്റിക്കും നല്കിയ കത്താണ് ഡല്‍ഹി ഹൈകോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറിയത്. സിപിഐഎം നേതാക്കളുടെ അടുത്ത ആളാണ് ഇപ്പറയുന്ന ആരോപണ വിധേയനായ വ്യവസായി. റിവേഴ്സ് ഹവാല ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ആരോപണ വിധേയനായ വ്യക്തിയുമായി കേരളത്തിലെ സി.പി.എം നേതാക്കള്‍ നടത്തിയിട്ടുണ്ടെന്നാണ് കത്തില്‍ വെളിപ്പെട്ടിരിക്കുന്നതെന്നും സതീശന് ചൂണ്ടിക്കാട്ടി.
ആരോപണ വിധേയനായ ആള് തന്നെ തനിക്കെതിരെ വ്യവസായി നല്കിയ കത്ത് കോടതിയില്‍ ഹാജരാക്കിയത് എന്തിനാണ്? മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അപകീര്‍ത്തി കേസില്‍ പി.ബിക്ക് നല്കിയ കത്ത് രേഖയായി ചേര്‍ത്തിരിക്കുന്നത്. കത്ത് എങ്ങനെ ചോര്‍ന്നു എന്നതാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നത്. ഇത്രയും കാലം സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ അറിഞ്ഞു കൊണ്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നത്. ഇതേക്കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക കൈമാറ്റം നടന്നിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



