‘അത് റഷ്യയെ വിരട്ടാനായിരുന്നു; നീക്കം യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍’; ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയതിനെ ന്യായീകരിച്ച് യു.എസ്.

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കു മേല്‍ ഇരട്ട തീരുവ ചുമത്താനുണ്ടായ സാഹചര്യത്തെ ന്യായീകരിച്ച് അമേരിക്ക രംഗത്ത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ വിരട്ടുന്നതിനാണ് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡണ്ട് വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധം മുതലെടുത്ത് റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ഉപയോഗിച്ച് ഇന്ത്യ വലിയ ലാഭമുണ്ടാക്കുകയാണെന്ന് കഴിഞ്ഞദിവസം മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ തന്റെ നടപടികളാണ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി നിര്‍ണായക കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതെന്ന് ട്രംപും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് വലിയതോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ത്യയ്ക്കു മേല്‍ നികുതി ചുമത്തിയതുപോലുള്ള നടപടികള്‍ എടുത്തിട്ടുണ്ട്. ഈ യുദ്ധം അവസാനിച്ചുകാണണമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും ലെവിറ്റ് പറഞ്ഞു.

കഴിഞ്ഞമാസം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുമേല്‍ യു.എസ് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. പിന്നാലെയാണ് റഷ്യന്‍ എണ്ണയുടെ പേരില്‍ 25 ശതമാനം അധിക തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചത്. യുക്രൈയ്നിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധവും റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സെക്കന്‍ഡറി ഉപരോധവും ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

അതിനിടെ സെലന്‍സ്‌കിയുമായി ഉച്ചകോടിക്ക് പുടിന്‍ സമ്മതിച്ചതായി ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ എന്നിവരും അറിയിച്ചു. കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി റഷ്യ യുക്രെയ്ന്‍ യുഎസ് ത്രികക്ഷി സമ്മേളനത്തിന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് വേദിയാക്കാന്‍ യുഎസ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Scroll to Top