
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തിനിടെ മിണ്ടാപ്രാണികളോട് കൊടുംക്രൂരത കാട്ടി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍. കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ കോഴി ചത്തു. ഇതോടെ മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ പരാതി നല്‍കി. ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാലക്കാട് സ്വദേശി ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ മേധാവിക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.
ലൈംഗികാരോപണത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് രാഹുലിന്റെ പാലക്കാടുള്ള എം.എല്‍.എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തിയത്. മണപ്പുള്ളിക്കാവിനടുത്തുള്ള ഓഫീസിലേക്ക് നാലു കോഴികളുമായിട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ഇതിനിടെ പ്രതിഷേധക്കാര്‍ കൈയിലിരുന്ന രണ്ടു കോഴികളെ പറത്തിവിട്ടു. എം.എല്‍.എ ബോര്‍ഡില്‍ കോഴിയെ കെട്ടിത്തൂക്കുകയും ചെയ്തു. പ്രതിഷേധക്കാരുടെ കൈയില്‍നിന്നു പിടിവിട്ടു പോയ കോഴികളെ പിന്നീട് അവര്‍ തന്നെ പിടിച്ചുകൊണ്ടുപോയി.
ഹു കെയേഴ്സ്’ എന്നെഴുതിയ പൂവന്‍കോഴിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. എം.എല്‍.എയെ പേടിച്ച് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു.



