യു.പിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടറില്‍ ട്രക്ക് ഇടിച്ചു കയറി ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം; 42 പേര്‍ക്ക് പരുക്ക്., അപകട കാരണം അമിത വേഗമെന്ന് പൊലീസ്.

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ട്രാക്ടറില്‍ ട്രക്ക് ഇടിച്ചുകയറി വന്‍ അപകടം. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ 42 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. തീര്‍ഥാടകരുമായി പോയ ട്രാക്ടറിലേക്ക് അമിതവേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ദേശീയപാത 34ലെ അര്‍നിയ ബൈപാസിന് സമീപമായിരുന്നു അപകടം. ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞു. കാസ്ഗഞ്ച് ജില്ലയിലെ റാഫത്പൂര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെ ജഹര്‍പീറിലേക്ക് പോകുകയായിരുന്നു തീര്‍ഥാടകര്‍. 61 പേര്‍ ട്രാക്ടറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

Scroll to Top