ഇന്ത്യയ്ക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടി., മരുന്നും ഫര്‍ണിച്ചറും അടക്കം തീരുവ കൂടും.

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കു മേല്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തിലാകും. ആഗസ്ത് 27ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.01നാണ് തീരുവ വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം ട്രംപ് ഭരണകൂടം പുറത്തിറക്കി. ആഗസ്ത് 27 മുതല്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കാണ് 50% തീരുവ ബാധകമാകുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത ഉല്‍പന്നങ്ങള്‍ സെപ്റ്റംബര്‍ 16നകം യുഎസില്‍ എത്തിയില്ലെങ്കില്‍ സെപ്റ്റംബര്‍ 17 മുതല്‍ അവയ്ക്കും 50% തീരുവ ബാധകമായിരിക്കും. 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ, റഷ്യന്‍ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി അടിച്ചേല്‍പ്പിച്ച 25 ശതമാനവും ചേര്‍ത്ത് മൊത്തം 50% തീരുവയാണ് ഇന്ത്യയ്ക്ക് ബാധകമാകുക. അമേരിക്ക മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഇന്ത്യ വഴങ്ങാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് വിജ്ഞാപനത്തിലൂടെ
ട്രംപ്.

ട്രംപിന്റെ 50% തീരുവ ഇന്ത്യയെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎസില്‍ എത്തുന്ന 66% ഉല്‍പന്നങ്ങളെയും 50% തീരുവപ്രഹരം ബാധിക്കുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച് ഇനീഷ്യേറ്റീവ്‌സിന്റെ (ജിടിആര്‍ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതായത്, നിലവില്‍ യുഎസില്‍ നിന്ന് ലഭിക്കുന്ന മൊത്ത കയറ്റുമതി വരുമാനത്തില്‍ ഏതാണ്ട് 60.2 കോടി ഡോളര്‍ മതിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് 50% തീരുവ ബാധകമാണ്. ടെക്‌സ്‌റ്റൈല്‍സ്, പാദരക്ഷകള്‍, സമുദ്രോല്‍പന്നങ്ങള്‍ (പ്രത്യേകിച്ച് ചെമ്മീന്‍), ജെം ആന്‍ഡ് ജ്വല്ലറി, ഓര്‍ഗാനിക് കെമിക്കലുകള്‍, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, വ്യാവസായിക ആവശ്യത്തിനുള്ള മെഷീനറികള്‍, ഫര്‍ണിച്ചറുകള്‍, വാഹനം, വാഹന ഘടകങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും തീരുവ ഷോക്ക്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, സ്മാര്‍ട്‌ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് തല്‍ക്കാലം തീരുവ ഭാരമില്ല. എന്നാല്‍, മരുന്നിനും ഫര്‍ണിച്ചറിനുമെല്ലാം തീരുവ കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയും യുഎസും തമ്മില്‍ നിലവിലുള്ള ‘വാണിജ്യ താല്‍പര്യ കരാര്‍’ (എംഎഫ്എന്‍) പ്രകാരം ചില ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകമായി അധിക തീരുവയുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ഇത് 9 ശതമാനം. 50% തീരുവ കൂടിച്ചേരുമ്പോള്‍ മൊത്തം തീരുവ 59%. മറ്റ് വസ്ത്രങ്ങള്‍ക്ക് 13.9% വരെ. ആകെ 63.9%. ഓര്‍ഗാനിക് കെമിക്കല്‍സിന് 4%, കാര്‍പറ്റുകള്‍ക്ക് 2.9%, ഡയമണ്ട്, സ്വര്‍ണാഭരണം തുടങ്ങിയവയ്ക്ക് 2.1%, ഫര്‍ണിച്ചറിനും കിടക്കകള്‍ക്കും 2.3% എന്നിങ്ങനെയും എംഎഫ്എന്‍ റേറ്റുകളുണ്ട്. അതായത്, ഇവയുടെ തീരുവയും 50 ശതമാനത്തില്‍ ഒതുങ്ങില്ല.

Scroll to Top