
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അപവാദത്തില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വയം കണ്ണാടി നോക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണങ്ങളില്‍ പെട്ട ഇത്രയധികം ആളുകളെ സംരക്ഷിച്ച മറ്റൊരു മുഖ്യമന്ത്രി ഇന്ത്യയില്‍ തന്നെ ഉണ്ടാകില്ലെന്ന് സതീശന് പറഞ്ഞു. ഇക്കാര്യത്തിലും അദ്ദേഹത്തിന് തന്നെയാകും റെക്കോര്‍ഡെന്നും അദ്ദേഹം പറഞ്ഞു, മുഖ്യമന്ത്രി ഒരു വിരല്‍ തനിക്കു നേരെ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ സ്വന്തം നേര്‍ക്കാണെന്ന് ഓര്‍ക്കണം. ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ബിജെപി നേതൃത്വം മറുപടി പറയണമെന്നും സതീശന് കൊച്ചിയില്‍ ആവശ്യപ്പെട്ടു.
രണ്ടു ബലാത്സംഗ കേസില്‍ പ്രതിയായ ആളാണ് പിണറായിക്കൊപ്പമിരുന്ന് കൈ പൊക്കുന്ന എംഎല്‍എ. ലൈംഗിക അപവാദം നേരിട്ട ആളാണ് മന്ത്രിസഭയില്‍ കൂടെയുള്ളത്. താക്കോല്‍ സ്ഥാനങ്ങളിലാണ് ആരോപണവിധേയരായ പലരും സിപിഎമ്മിലുള്ളതെന്നും ഇവര്‍ക്കൊക്കെ എതിരെ എന്തു നടപടി എടുത്തെന്നും സതീശന് ചോദിച്ചു. എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് നല്കിയ പരാതിയില്‍ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നുവെന്നും എന്നാല്‍ പരാതി നല്കിയ ആളെ ഒതുക്കിയെന്നും സതീശന് ആരോപിച്ചു.
”മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആള് വൈകുന്നേരം എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചിരുന്നോ? ഐബിയും സ്പെഷല്‍ ബ്രാഞ്ചും അടക്കം എല്ലാം ഉണ്ടായിട്ടും വൈകിട്ടായാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എവിടെ പോകുന്നു എന്ന് മുഖ്യമന്ത്രി അന്വേഷിച്ചോ? ആ അവതാരം എത്ര സിപിഎം നേതാക്കളുടെ, മന്ത്രിമാരുടെ, സ്പീക്കറുടെ പേര് പറഞ്ഞു? ആര്‍ക്കെങ്കിലും എതിരെ കേസെടുത്തോ? ഒരു മാനനഷ്ട കേസ് എങ്കിലും ആരെങ്കിലും കൊടുത്തോ എന്നും സതീശന് ചോദിച്ചു.
സി.കൃഷ്ണകുമാറിനെതിരെയുള്ള ആരോപണത്തെ കുറിച്ച് ബിജെപി നേതൃത്വം വിശദീകരിക്കണം. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ ആരെന്ന് വെളിപ്പെടുത്തുന്ന രീതിയിലാണ് സി.കൃഷ്ണകുമാര്‍ പ്രതികരിച്ചതെന്ന് സതീശന് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭയങ്കരമായി പൊട്ടിത്തെറിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ ഈ വിഷയത്തില്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.



