‘നായ, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കുമെന്ന് കരുതരുത്’; റോഡില്‍ തടഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്ക് മുന്നില്‍ കാറില്‍ നിന്നിറങ്ങി ഷാഫി പറമ്പില്‍ എം.പി; തെറി പറഞ്ഞാല്‍ പേടിച്ചോടുമെന്ന് കരുതരുതെന്ന് ഷാഫി.

വടകര: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ തന്നെ റോഡില്‍ തടഞ്ഞ ഡിവൈഎഫ്‌ഐക്കാരോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.പി. കാര്‍ തടഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്ക് മുന്നിലേക്കാണ് ഷാഫി കാറില്‍ നിന്നിറങ്ങിയത്. തെറിപറഞ്ഞാല്‍ കേട്ടുനില്‍ക്കില്ലെന്നും ആരെയും പേടിച്ചുപോകില്ലെന്നും ഷാഫി പറഞ്ഞു. നായെ, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ ആര്‍ജവമുണ്ടെങ്കില്‍ പിണറായി വിജയനെതിരെ സമരം ചെയ്യ്’ എന്നും സമരക്കാരോട് ഷാഫി പറഞ്ഞു.

‘രാഹുല്‍ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫിയുടെ കാര്‍ തടഞ്ഞത്. പിന്നാലെ പുറത്തിറങ്ങിയ ഷാഫിക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ പൊലീസ് വലയം തീര്‍ത്ത് സംരക്ഷണം ഒരുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തില്‍ നിന്നിറങ്ങി വന്ന ഷാഫി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച ശേഷമാണ് മടങ്ങിയത്.

”സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങള്‍ ഇതുവരെ ഭയന്നിട്ടില്ല. സമരം ചെയ്യാനുളള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ സമരത്തിന്റെ പേരില്‍ വന്നിട്ട് ആഭാസത്തരം പറയുകയും ചോദിക്കുകയും ചെയ്യുകയെന്നത് ശരിയല്ല. പ്രതിഷേധവുമായി എത്തിയവര്‍ക്ക് പരുക്കു പറ്റരുതെന്നു കരുതി വാഹനം നിര്‍ത്താനാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ നായ, പട്ടി എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണം. ഏതുസമരക്കാര്‍ വന്നാലും. അങ്ങനെ വടകരയില്‍ നിന്ന് പേടിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും” ഷാഫി പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കൊണ്ടുപോയ ശേഷമാണ് ഷാഫി പറമ്പിലും പ്രവര്‍ത്തകരും പിരിഞ്ഞുപോയത്.

Scroll to Top