
പട്ന: ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ മൂന്ന് പാകിസ്താന് ഭീകരര്‍ ഇന്ത്യയിലെത്തിയതായി സംശയം. ജെയ്ഷെ മുഹമ്മദ് ഭീകരരായ റാവല്‍പിണ്ടി നിവാസിയായ ഹസ്നാനിന്‍ അലി, ഉമര്‍കോട്ടില്‍ നിന്നുള്ള ആദില്‍ ഹുസൈന്, ഭവാല്പുരില് നിന്നുള്ള മുഹമ്മദ് ഉസ്മാന് എന്നിവരാണ് ബിഹാറിലെത്തിയതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ എത്തിയ ശേഷമാണ് മൂവരും അവിടെ നിന്ന് ബിഹാറിലേക്ക് എത്തിയതെന്ന് ബിഹാറിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആഗസ്ത് രണ്ടാംവാരത്തിലാണ് മൂവരും ഇന്ത്യയിലെത്തിയത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി തീവ്രവാദികളുടെ ചിത്രങ്ങളും വിവരങ്ങളും അതിര്‍ത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുല്‍ ഗാന്ധിയുടെ ജന്‍ അധികാര്‍ യാത്ര ഉള്‍പ്പെടെ നടക്കവെയാണ് വാര്‍ത്ത പുറത്തുവരുന്നത്. ജില്ലാ ഇന്റലിജന്‍സ് യൂണിറ്റുകളോട് നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉടനടി നടപടിയെടുക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.
വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വ്യക്തികളെയോ പ്രവര്‍ത്തനങ്ങളെയോ കുറിച്ച് ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും ആണ് നിര്‍ദേശം.



