‘മോദിക്ക് മോഷണശീലം., വോട്ട് ചോരിയിലൂടെ ജയിക്കാന്‍ ശ്രമം’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ., ചരിത്രമായി വോട്ടര്‍ അധികാര്‍ യാത്ര.

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വോട്ട് മോഷണം വഴി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വജയിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്ക് മോഷണ ശീലമുണ്ട്, വോട്ട് ചോരി, പൈസ ചോരി, ബാങ്കുകള്‍ കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുകയെന്ന് ഖാര്‍ഗെ ആരോപിച്ചു. മോദി വോട്ട് ചോരിയിലൂടെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുകയാണ്. ജാഗ്രത പാലിക്കുക. നിങ്ങള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മോദിയും ഷായും നിങ്ങളെ അടിച്ചമര്‍ത്തുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. പട്‌നയില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിനിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ഖാര്‍ഗെ ആഞ്ഞടിച്ചു. ബിഹാറിലെ ഈ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഉണ്ടാകില്ല. പുതിയ സര്‍ക്കാര്‍ ദരിദ്രരുടെയും സ്ത്രീകളുടെയും ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയുമായിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഒരിക്കല്‍ സോഷ്യലിസത്തെക്കുറിച്ച് സംസാരിച്ചിരുന്ന നിതീഷ് ഇപ്പോള്‍ ബിജെപി-ആര്‍എസ്എസുമായി സഖ്യത്തിലാണ്. ആര്‍എസ്എസ്-ബിജെപി സഖ്യം നിതീഷ് കുമാറിനെ ഉപേക്ഷിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.

ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര ഇന്നാണ് സമാപിച്ചത്. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മേധാവി മുകേഷ് സഹാനി, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ, സിപിഐ (എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐയുടെ ആനി രാജ, ടിഎംസി എംപി യൂസഫ് പത്താന്‍, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, മറ്റ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് നേതാക്കള്‍ മാര്‍ച്ച് ആരംഭിച്ചത്.

 

Scroll to Top