മഞ്ഞുരുക്കത്തിന്റെ സാധ്യതകള്‍ക്കിടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് വീണ്ടും; വി.സി നിയമനത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍., നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം.

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നു എന്ന സൂചനകള്‍ക്കിടെ വി.സി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാന്‍സലറായ തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണത്തലവന്‍ എന്ന നിലയില്‍ കോളജുകളുടെ ഭരണത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടാമെങ്കിലും വി.സി നിയമനത്തില്‍ ഒരു പങ്കുമില്ലെന്ന് ഗവര്‍ണര്‍ വാദിക്കുന്നു. യുജിസി ചട്ടങ്ങള്‍ പ്രകാരം മുഖ്യമന്ത്രിക്ക് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഒരു പങ്കുമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്വം ഉറപ്പാക്കിയ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന സേര്‍ച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കു കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാപ്രകാരം ചാന്‍സലര്‍ നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് സുധാംശു ദിലിയുടെ അധ്യക്ഷതയിലുള്ള സേര്‍ച്ച് കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ രണ്ടു പ്രതിനിധികളും ചാന്‍സലറുടെ രണ്ടു പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണു വി.സി പട്ടിക തയാറാക്കുന്നത്.

ബംഗാളില്‍ സ്വീകരിച്ചതിനു സമാനമായ നടപടിയാണു സുപ്രീം കോടതി ഈ രണ്ടു സര്‍വകലാശാലകളുടെയും സേര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ നടത്തിയത്. അതേസമയം, ബംഗാളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ഈ സര്‍വകലാശാലകളുടെ വി.സി നിയമനത്തില്‍ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഒരു റോളുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ പൂര്‍ണമായി ഒഴിവാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെടുന്നു. ഇപ്പോഴുള്ള അഞ്ചംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരണം യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം സ്വീകരിച്ചതിനു ശേഷമാണ് ഗവര്‍ണറുടെ നടപടി. സേര്‍ച്ച് കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ക്കെ കിട്ടാനുള്ള ഒരു സാധ്യതയും ഉണ്ടാകാതിരിക്കാനുള്ള നീക്കമാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. യുജിസി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രത്തിനു പ്രാതിനിധ്യം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും.

Scroll to Top