മുഖ്യമന്ത്രിയുടേത് കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട്; ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലെന്ന് സണ്ണി ജോസഫ്; കുറ്റവാളികളെ സര്‍വീസില്‍ നിന്ന് പുറത്താക്കണം.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അകാരണമായി മര്‍ദ്ദിച്ച് കേള്‍വി ശക്തി തകരാറിലായ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് രംഗത്ത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പും പ്രതിക്കൂട്ടിലാണെന്നും കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുജിത്തിന് ക്രൂര മര്‍ദനമെറ്റെന്ന അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ നടപടി ഉണ്ടായില്ല. കുറ്റവാളികളെ ഇനിയും സംരക്ഷിച്ചാല്‍ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദിച്ച പൊലീസ് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരുമായി കയ്യാങ്കളി ഉണ്ടായി.

യൂത്ത് കോണ്‍?ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ് സുജിത്തിനാണ് കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് അതിക്രൂരമായ മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. രണ്ടുവര്‍ഷമായി പൊലീസുകാര്‍ മൂടിവച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പുറത്തായതോടെയാണ് മര്‍ദ്ദനത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. ഇതോടെ മര്‍ദ്ദനം വിവാദമായി. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

 

Scroll to Top