ഇന്ത്യാ-റഷ്യ-ചൈന സഖ്യത്തെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപ്; മൂന്ന് രാജ്യങ്ങള്‍ക്കും സമ്പദ് സമൃദ്ധി നേരുന്നു; ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി.

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും റഷ്യയുമായുള്ള പുതിയ സഖ്യത്തെ പരിഹസിച്ച് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും റഷ്യയെയും നമുക്ക് നഷ്ടമായതായാണ് തോന്നുന്നതെന്നും അവര്‍ ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും ട്രംപ് പറഞ്ഞു. അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘവും സമൃദ്ധവുമായ ഭാവിയുണ്ടാകട്ടെയെന്നും ട്രംപ് പറഞ്ഞു. നരേന്ദ്ര മോദി, പുടിന്‍, ഷീ ജിന്‍പിംഗ് എന്നിവര്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തത്. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആതിഥേയത്വം വഹിച്ച ടിയാന്‍ജിന്‍ എസ്‌സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഊര്‍ജം മുതല്‍ സുരക്ഷ വരെയുള്ള മേഖലകളില്‍ മൂന്ന് നേതാക്കളും പരസ്യമായി സഹകരണം ചര്‍ച്ച ചെയ്തിരുന്നു. യുക്രെയ്‌നിലെ യുദ്ധവും ആഗോള വ്യാപാര നയവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിവിധ തലങ്ങളില്‍ വാഷിങ്ടനുമായി നേതാക്കള്‍ക്കു ഭിന്നതയുണ്ട്.

അതേസമയം, ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനെക്കുറിച്ചു ട്രംപ് ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ പ്രതികരണമാണിത്. ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന് മേലുള്ള പ്രതിരോധ ശക്തിയായിട്ടാണ് ഇന്ത്യയെ ദശാബ്ദങ്ങളായി യുഎസ് കണ്ടിട്ടുള്ളത്. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് ഭരണകൂടങ്ങള്‍ ഡല്‍ഹിയെ തന്ത്രപരമായ പങ്കാളിയായി വളര്‍ത്തിയെടുക്കാന്‍ ഒരുപോലെ ശ്രദ്ധിച്ചിരുന്നു.

Scroll to Top