
കഴിഞ്ഞ ദിവസം വരെ, കൃത്യമായി പറഞ്ഞാല്‍ 2025 സെപ്തംബര്‍ അഞ്ച് അഞ്ജന കൃഷ്ണ എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ അധികമാരും അറിയില്ലായിരുന്നു. മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എന്നായിരുന്നു വാര്‍ത്തകളില്‍. മഹാരാഷ്ട്രയില്‍ ഖനന മാഫിയയെ വിറപ്പിച്ച, അതിന്റെ പേരില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭീഷണിക്ക് പാത്രമായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണ. നിങ്ങള്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ എന്റെ നമ്പരിലേക്ക് നേരിട്ട് വിളിക്കൂ എന്ന് തന്റേടത്തോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനോട് പറഞ്ഞ അഞ്ജന കൃഷ്ണയെ കുറിച്ചുള്ള സെര്‍ച്ചുകളായിരുന്നു ഇന്നലെ മുതല്‍ ഗൂഗിളില്‍. അങ്ങനെ ഒടുവില്‍ കണ്ടെത്തി. അഞ്ജന തിരുവനന്തപുരത്തുകാരിയാണ്. ബിസിനസുകാരനായ പിതാവിന്റെയും വഞ്ചിയൂര്‍ കോടതി ജീവനക്കാരിയായ അമ്മയുടെയും മകള്‍. രണ്ടുവര്‍ഷമായി ഇന്ത്യന്‍ പൊലീസ് സേനയില്‍, മഹാരാഷ്ട്രയിലെ സോളാപൂരിലെ കര്‍മല ഡിഎസ്പിയായി സേവനമനുഷ്ടിക്കുന്നു. 2022-23 ബാച്ചില്‍ ഐപിഎസ് ഉദ്യോഗസ്ഥയായി സര്‍വീസില്‍ കയറിയതാണ് അഞ്ജന കൃഷ്ണ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 355-ാം റാങ്കുകാരിയായിരുന്നു അഞ്ജന.

സര്‍വീസില്‍ കയറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു മികച്ച പൊലീസുകാരി എന്ന ലേബലില്‍ സല്‍പേര് നേടാന്‍ അഞ്ജനയ്ക്ക് കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സത്യസന്ധത, ജോലിയോടുള്ള പാഷനും ആത്മാര്‍ത്ഥതയും ഉത്സാഹവും, ഒപ്പം അതിവേഗത്തില്‍ തീരുമാനമെടുക്കാനുള്ള ഗ്രഹണ വൈദഗ്ധ്യവും സൂക്ഷ്മബുദ്ധിയും. ഇതൊക്കെ കൊണ്ട് തന്നെ തന്റെ കര്‍മമേഖലയില്‍ അഞ്ജന രണ്ടുവര്‍ഷത്തിനകം തന്നെ മികച്ച ഉദ്യോഗസ്ഥയായി പേരെടുത്തു. മാധ്യമപ്രവര്‍ത്തനത്തില്‍ തല്‍പരയായ, സിവില്‍ സര്‍വീസിനു മുന്‍പ് കുറഞ്ഞ കാലം മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്ത അഞ്ജന. തന്റെ പഠന കാലയളവില്‍ കുറഞ്ഞകാലം ഒരു പ്രമുഖ മലയാളം പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിയായി റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. അവിടെ നിന്നാണ് സിവില്‍സര്‍വീസിന്റെ വെള്ളിവെളിച്ചത്തിലേക്ക് അഞ്ജന എത്തുന്നത്.
അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ അഞ്ജനയെ ഇന്ത്യ ശ്രദ്ധിച്ചത് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായുണ്ടായ ആശയ സംഘട്ടനത്തെ തുടര്‍ന്നാണ്. ഭൂഖനന മാഫിയയെ പിടിച്ചു കെട്ടാന്‍ പോയതിന്, അജിത് പവാര്‍ അഞ്ജനയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് മുതലാണ് സംഭവങ്ങളുടെ തുടക്കം. അഞ്ജനയെ പവാര്‍ ഫോണില്‍ വിളിച്ച് കയര്‍ക്കുന്നതിന്റെയും ആളെ അറിയാതിരുന്ന അഞ്ജന, നിങ്ങള്‍ ആരായാലും എന്റെ ഫോണില്‍ നേരിട്ട് വിളിക്കൂ എന്ന് തന്റേടത്തോടെ മറുപടി പറയുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വൈറല്‍ വീഡിയോ വിവാദമായതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു. സ്വാഭാവികമായും സംഭവം രാഷ്ട്രീയമായി. കൈവിട്ടു പോയെന്ന് മനസ്സിലായതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ശ്രമിച്ചതെന്ന വിശദീകരണവുമായി അജിത് പവാറും രംഗത്തെത്തി. ഒപ്പം, അജിത് ജി തങ്ങളോടെല്ലാം സാധാരണ സംസാരിക്കുന്ന ശൈലിയാണ് അതെന്ന് പറഞ്ഞ് ന്യായീകരണവുമായി എന്‍സിപി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. എന്തായാലും മഹാരാഷ്ട്രയില്‍ ഒരു പുതിയ രാഷ്ട്രീയ വിവാദത്തിന് തന്നെ തിരികൊളുത്തിയിരിക്കുകയാണ് മലയാളിയായ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ തന്റേടം.

സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയതായിരുന്നു മഹാരാഷ്ട്രയിലെ കര്‍മലയില്‍ ഡിഎസ്പിയായ വി.എസ്. അഞ്ജന കൃഷ്ണ. ഈസമയം പൊലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ അഞ്ജനയെ ഫോണില്‍ വിളിക്കുന്നത്. ഒരു എന്‍സിപി പ്രവര്‍ത്തകന്റെ ഫോണില്‍ വിളിച്ചായിരുന്നു സംഭാഷണം. ഉടന്‍ തന്നെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പവാര്‍, ഡിഎസ്പി അഞ്ജനയോട് ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, അഞഅജനയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്റെ നമ്പരിലേക്ക് നേരിട്ട് വിളിക്കൂ എന്നായിരുന്നു അഞ്ജനയുടെ മറുപടി. ഈഗോ മുറിവേറ്റ അജിത് പവാര്‍ ഇതോടെ കുപിതനായി. അടുത്ത ഭീഷണി നിങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്.
പിന്നീട് പവാറില്‍ നിന്ന് വന്നത്, ഒരു ജനപ്രതിനിധി, പൊതുപ്രവര്‍ത്തകന്‍ ഒരിക്കലും ഒരാളോട് സംസാരിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള സംസാരമായിരുന്നു. ”നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെ വാട്‌സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. അത്രയ്‌ക്കൊക്കെ ധൈര്യം നിങ്ങള്‍ക്കുണ്ടോ എന്നൊക്കെ അജിത് പവാര്‍ ഫോണിലൂടെ ചോദിക്കുന്നുണ്ടായിരുന്നു. താനൊരു ജനപ്രതിനിധിയാണെന്നും ഉപമുഖ്യമന്ത്രിയാണെന്നും എല്ലാം മറന്ന് ഈഗോ മുറിവേറ്റ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാകുകകയായിരുന്നു പവാര്‍. പിന്നാലെ വീഡിയോ കോളില്‍ വിളിച്ചും പവാര്‍, നടപടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കുകയാണ് ചെയ്തതെന്നാണ് പവാര്‍ പറയുന്നത്. പൊലീസിനെ തടസപ്പെടുത്തുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്നും സ്ഥിതിഗതികള്‍ ശാന്തമാക്കാനും കൂടുതല്‍ വഷളാകാതിരിക്കാനുമാണ് ഇടപെട്ടതെന്നും പറഞ്ഞ പവാറിന്റെ അടുത്ത വാക്കുകള്‍ പോലീസ് സേനയോടും വനിതകള്‍ അടക്കമുള്ള അതിലെ ഉദ്യോഗസ്ഥരോടും വലിയ ബഹുമാനമുള്ളയാളാണ് താനെന്നായിരുന്നു.
എന്‍സിപി എംപി സുനില്‍ താക്കറെയുടെ ന്യായീകരണം കുറേക്കൂടി രസകരമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ശാന്തമാക്കാന്‍ ഉദ്യോഗസ്ഥയോട് അല്‍പം ദേഷ്യത്തില്‍ സംസാരിക്കുക മാത്രമാണ് പവാര്‍ ചെയ്തതെന്നാണ് താക്കറെയുടെ ന്യായം. എന്നാലും അതൊരു വല്ലാത്ത ശാന്തമാക്കലായിപ്പോയി. പവാറിന്റെ സാധാരണ രീതിയിലുള്ള സംസാരം മാത്രമാണ് അതെന്നാണ് റവന്യൂമന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ ഭവാന്‍കുളെ പവാറിനെ ന്യായീകരിച്ചത്. ഇതേ സ്വരത്തിലാണ് അദ്ദേഹം തങ്ങളോടും സംസാരിക്കാറുള്ളതെന്ന് ചന്ദ്രശേഖര്‍ ഭാവന്‍കുളെ അല്‍പം കടന്ന് ന്യായീകരിക്കുന്നു.

തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അഞ്ജന കൃഷ്ണ. പൂജപ്പുര സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും തിരുവനന്തപുരം എന്‍എസ്എസ് വനിതാ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. കണക്കില്‍ ബിരുദധാരിയാണ് അഞ്ജന. ബിരുദപഠനം കഴിഞ്ഞതോടെ ഐപിഎസ് എന്ന സ്വപ്‌നം ഉള്ളില്‍ നിറച്ച് അഞ്ജന ശ്രമം ആരംഭിച്ചു. അങ്ങനെ നാലാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് എന്ന വെള്ളിവെളിച്ചത്തിലേക്ക് അഞ്ജന നടന്നെത്തി. 2022-23 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 355-ാം റാങ്കുകാരിയായി സര്‍വീസിലേക്ക്.



