‘നാലുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല, അഞ്ചുപേരെയും പുറത്താക്കണം’; കസ്റ്റഡി മര്‍ദ്ദനത്തില്‍ സസ്‌പെന്‍ ശുപാര്‍ശയ്‌ക്കെതിരെ മര്‍ദ്ദനമേറ്റ സുജിത്ത്.

തൃശ്ശൂര്‍: തന്നെ മര്‍ദ്ദിച്ച നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയില്‍ അതൃപ്തി രേഖപ്പെടുത്തി കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനത്തിലെ ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത്. സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഡ്രൈവറായിരുന്ന ഷുഹൈറിനെതിരെ നടപടി ഒന്നും ഇല്ലതാനും. അഞ്ചുപേരെയും സര്‍വീസില്‍ നിന്നും പുറത്താക്കണം. പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീംകോടതി കേസില്‍ കക്ഷിചേരുമെന്നും ജനങ്ങള്‍, പാര്‍ട്ടി നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്.

നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് മര്‍ദ്ദിച്ചത്. അഞ്ചാമത്തെ ആളായ ഷുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കോടതിയെ സമീപിക്കും. ഷുഹൈര്‍ ഇപ്പോള്‍ പഴയന്നൂരില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും ശശിധരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മര്‍ദ്ദിച്ചുവെന്നും സുജിത്ത് പറഞ്ഞു.

കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ നൂഹ്‌മാന്‍, സജീവന്‍, സന്ദീപ്, ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരായാണു നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഡിഐജി ഹരി ശങ്കറാണ് നോര്‍ത്ത് സോണ്‍ ഐജി രാജ്പാല്‍ മീണയ്ക്ക് ശുപാര്‍ശ റിപ്പോര്‍ട്ട് നല്‍കിയത്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും പറഞ്ഞു.

Scroll to Top