
തിരുവനന്തപുരം: ബീഡി ബിഹാര്‍ വിവാദ പോസ്റ്റിനു പിന്നാലെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വി.ടി ബല്‍റാം രാജിവച്ചെന്ന പ്രചാരണം തള്ളി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വിവാദ പോസ്റ്റുമായി ബല്‍റാമിന് ബന്ധമില്ല. അദ്ദേഹം രാജിവയ്ക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടുമില്ല. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമ്മിന്റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കമാണ് നടക്കുന്നത്. ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുകയാണ് സിപിഎമ്മെന്നും സണ്ണി ജോസഫ് ആരോപിച്ചു. വി.ടി ബല്‍റാം ഡിജിറ്റല്‍ വിംഗ് ചുമതല രാജിവച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”കെപിസിസി വൈസ് പ്രസിഡണ്ടായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ അണ്ടയിലുണ്ട്. ബല്‍റാമിന്റെ കൂടി അഭിപ്രായാനുസരണമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള ഘടകം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ വി.ടി.ബല്‍റാം ഡിജിറ്റല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവാദ പോസ്റ്റ് തയാറാക്കിയതില്‍ ബല്‍റാമിനു പങ്കില്ലെന്നും പാര്‍ട്ടി അനുഭാവികളായ ഒരുകൂട്ടം പ്രൊഫഷണലുകളാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ഭാഗമായി പോസ്റ്റുകള്‍ തയാറാക്കി പ്രസിദ്ധീകരിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്‌സ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വി.ടി.ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം നിയന്ത്രിക്കുന്ന ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ബിഹാറില്‍ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ടു പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.



