
തിരുവനന്തപുരം: കേരളത്തില്‍ ഒരുസമയത്ത് അപൂര്‍വരോഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പരാജയമെന്ന ആക്ഷേപം ശക്തം. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് മുന്‍പ് ആരോഗ്യവകുപ്പ് തന്നെ പുറത്തിറക്കിയ കണക്കുകള്‍ ഇപ്പോള്‍ വീണ്ടും തിരുത്തി. ഈവര്‍ഷം മാത്രം ഇതുവരെ 17 പേര് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ തന്നെ ഏഴുപേര്‍ മരിച്ചത് ഈമാസം ആണെന്നും കണക്കുകള്‍ തെളിയിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 66 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
എന്നാല്‍, ഇത്രയും ആളുകളുടെ ജീവനെടുത്ത ഒരു രോഗത്തെ പിടിച്ചുകെട്ടുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണെന്നാണ് വിലയിരുത്തല്‍. ഇക്കാലത്തിനിടെ ഇപ്പോള്‍ മാത്രമാണ് മരണനിരക്ക് കൃത്യമായി പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നതു പോലും. അമീബിക് മസ്തിഷ്ക ജ്വരമെന്ന താരതമ്യേന അപകടകാരിയായ രോഗത്തിന് കാര്യമായ പരിഗണന നല്‍കാതിരുന്നതാണ് രോഗത്തെ ഇത്രകണ്ട് ഗുരുതരമാക്കിയത്. മുന്‍വര്‍ഷങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നതിന്റെ വീഴ്ചയുടെ ഫലമാണ് ഇത്ര ഗുരുതരമായ സ്ഥിതിയിലേക്ക് രോഗത്തെ കൊണ്ടെത്തിച്ചത്.
മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കാണു രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. പക്ഷേ, കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്നതിനാല്‍ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലാത്തതാണ് രോഗബാധയുടെ നിരക്കും മരണനിരക്കും കൂടാന്‍ കാരണമെന്ന് പറയപ്പെടുന്നു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമായതാണു രോഗബാധിതര്‍ കൂടാന്‍ കാരണമെന്നാണു അധികൃതര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി എന്ന 51 കാരനാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തു വയസ്സുകാരിയാണ് രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.



