സിപിഐഎമ്മിലെ അനധികൃത സ്വത്ത് സമ്പാദനം വെളിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയുണ്ടാകും?; ശരത്തിനോട് പാര്‍ട്ടി വിശദീകരണം തേടി.

തൃശ്ശൂര്‍: തൃശ്ശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ക്കെതിരെ ഓഡിയോ സന്ദേശം പുറത്തുവിട്ട ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ശരത് പ്രസാദിനെതിരെ നടപടിക്ക് സാധ്യത. ശരത് പ്രസാദില്‍ നിന്ന് പാര്‍ട്ടി വിശദീകരണം തേടി. മറുപടി നല്‍കാന്‍ മൂന്ന് ദിവസത്തെ സാവകാശമാണ് ശരത്തിന് പാര്‍ട്ടി അനുവദിച്ചിട്ടുള്ളത്. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. 5 വര്‍ഷം മുന്‍പത്തെ സംഭാഷണമാണെന്ന് ആദ്യം പറഞ്ഞ ശരത് പിന്നീട് വാക്ക് മാറ്റിയിരുന്നു. ഓഡിയോ ആധികാരികമല്ലെന്നും താന്‍ ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്നും ശരത് പിന്നീട് പറഞ്ഞു.

ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃത സ്വത്ത് സമ്പാദിക്കുന്നവരാണെന്നായിരുന്നു ശരതിന്റേതെന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണത്തിലെ വെളിപ്പെടുത്തല്‍. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. ശരത്തിനോടു സംസാരിക്കുന്നയാള്‍ താനാണെന്നു ഓഡിയോ പുറത്തുവിട്ട നിബിന്‍ സ്ഥിരീകരിച്ചിരുന്നു. സംഭാഷണത്തിന്റെ വിഡിയോയും തെളിവായി കൈയ്യിലുണ്ടെന്നാണ് ഓഡിയോ പുറത്തുവിട്ടവരുടെ അവകാശവാദം. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിച്ചതിന് നിബിനെ സിപിഐഎം പുറത്താക്കുകയും ചെയ്തു.

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീന്‍ എംഎല്‍എ, കോര്‍പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് വെളിപ്പെടുത്തല്‍. ശരത്തും സിപിഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിബിന്‍ ശ്രീനിവാസനും തമ്മിലുള്ളതാണ് ഒരു മിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭാഷണം. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഓഡിയോ പുറത്തുവന്നത്.

 

Scroll to Top