
മനുഷ്യന്റെ ജീവന്‍ കാക്കാന്‍, അവര്‍ക്ക് ആരോഗ്യകരമായ ജീവിതം ലഭിക്കാന്‍ കണ്ണും കാതും തുറന്നിരിക്കേണ്ടവരാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. എന്നാല്‍, ഇന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് മനുഷ്യരുടെ ജീവന്‍ വച്ച് പന്താടുകയാണോ എന്ന സംശയം ഉയരുകയാണ്. ഒരുകാലത്ത് കേരളത്തില്‍ അപൂര്‍വരോഗം എന്ന ഗണത്തിലായിരുന്നു അമീബിക് മസ്തിഷ്‌കജ്വരം എന്ന അമീബിക് മെനഞ്ചൈറ്റിസ്. പലതരം മെനഞ്ചൈറ്റിസ് വൈറസുകളെയും ബാക്ടീരിയകളെയും പിടിച്ചുകെട്ടിയ കേരളത്തിന് പക്ഷേ, അമീബിക് മെനഞ്ചൈറ്റിസിനെതിരെ കാര്യമായ പ്രതിരോധം തീര്‍ക്കാനാകുന്നില്ല. അല്ലെങ്കില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതില്‍ കേരള ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമാണ്. ഇത് വെറുതെ പറയുന്നതല്ല.. കേരള ആരോഗ്യവകുപ്പ് തന്നെ പുറത്തുവിട്ട കണക്കുകള്‍ ഉദ്ദരിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തേണ്ടി വരുന്നത്. മരണനിരക്കിനെ രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ചവരില്‍ നാലിലൊരു ഭാഗം പേരും ഈവര്‍ഷം ഇതുവരെ മാത്രം മരണപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുത അതേ പടി നിലനില്‍ക്കുകയാണ്.
കേരളം പുറത്തുവിട്ട കണക്കുകള്‍ ഒന്ന് പരിശോധിച്ചു വരാം. ഇന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട പുതുക്കിയ കണക്ക് പ്രകാരം ഇതുവരെ മരിച്ചത് 17 പേരാണ്. ഇതുവരെ ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്, രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതെന്നായിരുന്നു എന്ന് ഓര്‍ക്കണം. അപ്പോഴെല്ലാം മറ്റു മരണങ്ങള്‍ സംശയപ്പട്ടികയിലായിരുന്നു. മറ്റു 15 പേരുടെയും മരണം രോഗം ബാധിച്ചെന്ന് സംശയിക്കുന്നവരുടെ ഗണത്തിലാണ് സര്‍ക്കാര്‍ ഉള്‍പെടുത്തിയിരുന്നതെന്ന് സാരം. യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈവര്‍ഷം മരിച്ച 17 പേരില്‍ ഏഴുപേരും മരിച്ചത് ഈമാസം ആണെന്ന് കൂടി അറിയുമ്പോഴാണ് ആശങ്കയുടെ ആഴം നമുക്ക് മനസ്സിലാകുകയുള്ളു. കണക്കുകള്‍ പ്രകാരം 66 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. അതായത് 66-ല്‍ 17 മരണം എന്ന് പറഞ്ഞാല്‍ നാലിലൊരു ഭാഗം എന്നാണര്‍ത്ഥം. ഒന്നോര്‍ത്തു നോക്കൂ എത്ര ലാഘവത്തോടെയാണ് ആരോഗ്യവകുപ്പ് കാര്യങ്ങളെ കണ്ടത് എന്ന്. ഇക്കാലത്തിനിടെ ഇപ്പോള്‍ മാത്രമാണ് മരണനിരക്ക് കൃത്യമായി പുറത്തുവിടാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നതു പോലും. അമീബിക് മസ്തിഷ്‌ക ജ്വരമെന്ന താരതമ്യേന അപകടകാരിയായ രോഗത്തിന് കാര്യമായ പരിഗണന നല്‍കാതിരുന്നതാണ് രോഗത്തെ ഇത്രകണ്ട് ഗുരുതരമാക്കിയത്. മുന്‍വര്‍ഷങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നതിന്റെ വീഴ്ചയുടെ ഫലമാണ് ഇത്ര ഗുരുതരമായ സ്ഥിതിയിലേക്ക് രോഗത്തെ കൊണ്ടെത്തിച്ചതെന്നു തന്നെ നിസ്സംശയം പറയാം.
കഴിഞ്ഞവര്‍ഷങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോഴും അമീബിക് മസ്തിഷ്‌കജ്വരത്തെ എങ്ങനെ പിടിച്ചു കെട്ടാം എന്ന് ആരോഗ്യവകുപ്പ് ചിന്തിക്കാതിരുന്നതിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ഗുരുതരമായ അവസ്ഥ. മുന്‍പും ഈ രോഗം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും രോഗത്തെ ഗൗരവത്തിലെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ലെന്ന വിമര്‍ശനം ശക്തമാണ്. കാര്യമായ ഒരു ജാഗ്രതാ നിര്‍ദേശമോ പ്രതിരോധ നടപടിയോ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് വേണം പറയാന്‍. ആരോഗ്യമന്ത്രിയാകട്ടെ അനങ്ങാപ്പാറ നയവും സ്വീകരിച്ചു. ഏതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തോ മറ്റോ അല്ല, ആരോഗ്യത്തിന്റെ കേരള മോഡല്‍ എന്നു പുകള്‍പെറ്റ കേരളത്തിലാണ് ഈ സാഹചര്യമെന്ന് ഓര്‍ക്കണം. വീണാ ജോര്‍ജ് മന്ത്രിയായ ശേഷമാണ് സ്ഥിതിഗതികള്‍ ഇത്രകണ്ട് വഷളാക്കിയതും. കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ അഞ്ചു വയസ്സുകാരി അടക്കം രോഗം ബാധിച്ച് മരിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തവണ ആദ്യം മരിച്ചത് ഏഴു വയസ്സുള്ള പെണ്‍കുട്ടിയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ പോകുന്നത് ആരോഗ്യവകുപ്പിന്റെയും സിസ്റ്റത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിയുടെയും പരാജയമല്ലാതെ മറ്റെന്താണ്.
മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കാണു രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. പക്ഷേ, കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്നു എന്ന കണ്ടെത്തല്‍ ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമായതാണത്രേ രോഗബാധിതര്‍ കൂടാനുള്ള കാരണം. എന്തു തന്നെയായാലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലാത്തത് തന്നെയാണ് രോഗബാധയുടെ നിരക്കും മരണനിരക്കും കൂടാന്‍ കാരണമെന്ന് ഉറപ്പിച്ചു തന്നെ പറയാം. കണക്കുകള്‍ പ്രകാരം 1971 മുതല്‍ ഇന്ത്യ ഒട്ടാകെ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ചു കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളതും. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2 വര്‍ഷത്തിനിടെ 51 പേര്‍ക്കക് രോഗം ബാധിക്കുകയും ആറുപേര്‍ മരിക്കുകയുമുണ്ടായി. രാജ്യാന്തര മരണനിരക്ക് 97 ശതമാനമെന്നിരിക്കെ കേരളത്തില്‍ ഇത് 24 ശതമാനമായി നിയന്ത്രിക്കാനായത് വലിയ നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. വാദത്തിനു വേണ്ടി ഇത് സമ്മതിച്ചാല്‍ പോലും രോഗഉറവിടം കണ്ടുപിടിക്കുന്നതില്‍, അതിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും പരാജയമെന്ന വസ്തുത മറയ്ക്കപ്പെടുന്നില്ല. മരുന്നു കൊടുത്തു ചികിത്സിക്കുന്നതിലല്ല, രോഗ ഉറവിടം കണ്ടെത്തി പ്രതിരോധിക്കുന്നതിലാണ് വിജയിക്കേണ്ടത്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഒരിക്കലും അമീബിക് മസ്തിഷ്‌കജ്വരം പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യും. അതുകൊണ്ട് അമീബ ശരീരത്തില്‍ എത്താതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന വിശദമായ മാര്‍ഗനിര്‍ദേശം തയാറാക്കുകയാണ് വേണ്ടത്. അതനുസരിച്ച് ജലസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ച് രോഗം വരാതെ കാക്കാനുള്ള മുന്‍കരുതലുകളും നടപടികളുമാണ് വേണ്ടത്. ഇതിനേക്കാള്‍ മാരകമായ, മരണനിരക്ക് കൂടുതലുള്ള പല വൈറസുകളെയും പിടിച്ചു കെട്ടിയ പാരമ്പര്യമുള്ള ആരോഗ്യ വകുപ്പാണ് കേരളത്തിലേത്. ആ കേരളത്തിലാണ് ഇത്ര വര്‍ഷമായിട്ടും ഒരു അമീബിക് രോഗത്തിന്റെ ഉറവിടം കണ്ടെത്തി അതിനെ പ്രതിരോധിക്കാന്‍ പാടുപെടുന്നത്. നിപാ പോലുള്ള മാരക വൈറസിനെ പടരും മുന്‍പ് കുപ്പിയിലാക്കിയ കേരളത്തിലെ ആരോഗ്യവകുപ്പാണ് ഇങ്ങനെ ഒരു രോഗണുവിനെ കണ്ടെത്താന്‍ പറ്റാതെ തപ്പി നടക്കുന്നത് എന്ന് കാണുമ്പോള്‍ ഒന്നു മാത്രമേ പറയാന്‍ പറ്റൂ., ലജ്ജ തോന്നുന്നു. എവിടെ കൊട്ടിഘോഷിച്ച ആ നമ്പര്‍ വണ്‍ ആരോഗ്യകേരളം.?



