മലപ്പുറത്ത് ക്വാറിയില്‍ പാറ പൊട്ടിച്ചുണ്ടായ കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; ഡ്രൈവറെ കുളത്തില്‍ നിന്ന് കിട്ടിയത് ഒന്നര മണിക്കൂറിനു ശേഷം.

മലപ്പുറം: മലപ്പുറം മഞ്ചേരി കാരക്കുന്ന് ആമയൂരില്‍ ക്രഷറിക്ക് സമീപത്തെ കുളത്തിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. അരീക്കോട് തോട്ടുമുക്കം കൂനുമ്മല്‍തൊടി വീട്ടില്‍ അബ്ദുല്‍ സലീമിന്റെ മകന്‍ റാഷിദ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. അപകടത്തില്‍ കാണാതായ ഡ്രൈവറുടെ മൃതദേഹം ഒന്നരമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അപകടത്തില്‍ കുളത്തില്‍ പൂര്‍ണമായും മുങ്ങിയ ലോറി ആദ്യം പൊക്കിയെടുത്തിരുന്നെങ്കിലും റാഷിദിനെ കുളത്തില്‍ നിന്ന് കണ്ടെത്താനായിരുന്നില്ല. കുളത്തില്‍ നിന്ന് കണ്ടെത്തുമ്പോള്‍ റാഷിദിന് ജീവനുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ റാഷിദിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആമയൂര്‍ പുളിങ്ങോട്ടുപുറം റഹ്‌മത്ത് ക്രഷറിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. ക്വാറിയില്‍ നിന്ന് വരുന്ന റോഡിന് സമീപം പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് വലിയൊരു കുളം രൂപപ്പെട്ടിരുന്നു. ഈ കുളത്തിലേക്കാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ ലോറി ക്രെയിന്‍ എത്തിച്ച് പൊക്കിയെടുത്തെങ്കിലും റാഷിദിനെ കിട്ടിയില്ല. പിന്നെയും ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് റാഷിദിനെ കുളത്തില്‍ നിന്ന് പുറത്തെടുക്കാനായത്.

15 അടിയോളം താഴ്ചയുള്ള കുളത്തില്‍ നിന്നും വലിയ ക്രെയിന്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ലോറി കരയ്ക്ക് കയറ്റിയത്. ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വേണ്ടത്ര മുങ്ങല്‍ വിദഗ്ധരോ മറ്റു സജ്ജീകരണങ്ങളോ ഇല്ലാത്തതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അപകടകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

 

 

Scroll to Top