
കൊച്ചി: ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുമതി. ഉപാധികളോടെ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുമതി നല്‍കാമെന്ന് കോടതി ഉത്തരവിട്ടു. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പുതുക്കിയ ടോള്‍ ആയിരിക്കുമോ ഇനി മുതല്‍ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് ടോള്‍ പിരിവിന് അനുമതി നല്‍കിയത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടാണ് ടോള്‍ പിരിവ് നിര്‍ത്തി വച്ചിരുന്നത്.
ദിവസേന ജോലി ചെയ്യുന്ന 300 പേര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മറ്റു ചിലവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി ടോള്‍പിരിവ് ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴും കോടതിയോട് ദേശീയപാതാ അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉപാധികളോടെ ടോള്‍ പിരിക്കാമെന്ന് കോടതി അനുവദിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ടോള്‍ പിരിവ് തടഞ്ഞിരുന്ന സമത്ത് ടോള്‍ നിരക്ക് പരിഷ്‌കരിച്ചിരുന്നു. വാര്‍ഷിക വര്‍ധനവാണ് വരുത്തിയിരിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയാണ് ടോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കാറുകള്‍ക്ക് ഒരു ഭാഗത്തേക്ക് പോകാന്‍ 90 രൂപ നല്‍കിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ആഗസ്ത് ആറു മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കിയിരുന്നു. ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സര്‍വീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍. ഇതിനെതിരെ കരാര്‍ കമ്പനിയും എന്‍എച്ച്‌ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.



