
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തുന്ന കലുങ്ക് സൗഹൃദ സംവാദത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വിമര്‍ശനം. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. കലുങ്ക് സംവാദം പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ലെന്നാണ് വിമര്‍ശനം. സുരേഷ് ഗോപി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ല. എംപി പാര്‍ട്ടിക്ക് വിധേയനാകണമെന്നും ഒരു വിഭാഗം വിമര്‍ശിച്ചു.
അതേസമയം, സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു. കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്നും അഭിപ്രായമുയര്‍ന്നു. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്നാണ് സുരേഷ് ഗോപിയെ അനുകൂലിക്കുന്ന വിഭാഗം വിമര്‍ശിച്ചത്. അതേസമയം, പാര്‍ട്ടിയുടെ വോട്ട് ചേര്‍ക്കല്‍ കണക്ക് വ്യാജമെന്ന ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചു.
അതിനിടെ കോര്‍ കമ്മറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനെ വീണ്ടും കോറില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ എ എന്‍ രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശം. പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകളും നിര്‍ബന്ധമായും പിടിക്കണമെന്നും കോര്‍കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചു.



