എ.കെ ആന്റണിയെ പഴിചാരി പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കേണ്ട; മുത്തങ്ങ സമരത്തെ കുറിച്ച് പ്രചരിക്കുന്നത് നുണബോംബ്; വികസന സദസ്സുമായി സഹകരിക്കില്ല : എം.എം ഹസ്സന്‍

എം.എം ഹസ്സന്‍

മലപ്പുറം: എ.കെ ആന്റണിയുടെ ഭരണകാലത്തെ പഴിചാരി ഇപ്പോഴത്തെ പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. ശിവഗിരി, മുത്തങ്ങ സംഭവങ്ങള്‍ വീണ്ടും കൊണ്ടുവന്ന് ആഭ്യന്തരവകുപ്പിന്റെ കൊള്ളരുതായ്മകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ശിവഗിരിയില്‍ ഒരു അതിക്രമവും പൊലീസ് നടത്തിയിട്ടില്ല. ഹൈക്കോടതിയുടെ അന്തിമശാസന പ്രകാരം മഠത്തിന്റെ ചുമതല സ്വാമി പ്രകാശാനന്ദക്ക് നല്‍കാനാണ് ശിവഗിരിയില്‍ പൊലീസ് ഇടപെട്ടത്. കോടതി വിധിയോട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണതെന്നും നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി. ഭാസ്‌കരന്‍ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശിവഗിരിയില്‍ പോലീസ് അതിക്രമം കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തങ്ങ സമരത്തില്‍ ഒരു പൊലീസുകാരനെ സമരക്കാര്‍ അക്രമിച്ച് വെട്ടിക്കൊന്നതിനെ തുടര്‍ന്നാണ് പൊലീസ് വെടിവയ്പ്പ് നടന്നത്. ഒരു ആദിവാസി മാത്രമാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ പത്തോളം ആദിവാസികളെ ചുട്ടുകൊന്നുവെന്നാണ് വി.എസ്. അച്യുതാനന്ദന്‍ അന്ന് പറഞ്ഞത്. ആ നുണബോംബിന് അധികം ആയുസ്സുണ്ടായില്ലെന്നും മുത്തങ്ങ സമരകാലത്തെ മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്ന ഹസ്സന്‍ കുറ്റപ്പെടുത്തി

സര്‍ക്കാരിന്റെ വികസനസദസ്സില്‍ സഹകരിക്കേണ്ടെന്നത് യുഡിഎഫ് സംസ്ഥാനകമ്മിറ്റിയുടെ തീരുമാനമാണ്. അതിന് വിരുദ്ധമായി തീരുമാനമെടുക്കുന്ന ജില്ലാ കമ്മിറ്റികളെ പാര്‍ട്ടികളുടെ സംസ്ഥാനനേതൃത്വം ഇടപെട്ട് തിരുത്തും. വയനാട്ടിലെ എം.എന്‍. വിജയന്‍ അടിയുറച്ച കോണ്‍ഗ്രസായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ഭാര്യ അതാണോ അല്ലയോ എന്ന് പറയുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തികമായി സഹായിച്ചിട്ടും അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയതിന് പിന്നില്‍ വ്യക്തിതാല്‍പര്യമാണെന്നും ഹസ്സന്‍ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസ്സന്‍.

Scroll to Top