
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ തിരുമല എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഒറ്റപ്പെട്ടു പോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നുമാണ് കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ആരുടെയും പേര് പറയാതെയാണ് അനില്‍ കുറിപ്പെഴുതി വച്ചത്. ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു നിക്ഷേപകര്‍ക്ക് നല്‍കണം. കുടുംബത്തെ ഒറ്റപ്പെടുത്തരുത്. താന്‍ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു’ എന്നും കുറിപ്പിലുണ്ടെന്നു പൂജപ്പുര പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് അനില്‍, തിരുമല ജംഗ്ഷനിലെ ബിജെപി വാര്‍ഡ് കമ്മിറ്റി ഓഫീസിലെത്തി ജീവനൊടുക്കിയത്.
തിരുവനന്തപുരം കോര്പ്പറേഷന് തിരുമല വാര്‍ഡ് കൗണ്‍സിലറുമായ അനില്‍ എന്ന കെ.അനില്‍കുമാര്‍ വലിയശാലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം പ്രസിഡണ്ടായിരുന്നു. സംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് സഹകരണ സംഘം തകര്‍ച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് വലിയശാലയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനില്‍ ചിലരുടെ നിക്ഷേപം തിരികെ നല്‍കിയതായും സൂചനയുണ്ട്. അതേസമയം, നിക്ഷേപം തിരികെ നല്‍കാത്തതു സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു. സംഘത്തിലെത്തി ബഹളംവച്ചതിന് ഒരു നിക്ഷേപകനെതിരെ ഭാരവാഹികള്‍ നല്കിയ പരാതി പിന്നീട് ഒത്തുതീര്‍പ്പായിരുന്നു.
അതേസമയം, അനിലിന്റെ മരണത്തിന് ഉത്തരവാദി സിപിഐഎമ്മും പൊലീസുമാണെന്നും സിപിഐഎം-പൊലീസ് ഗൂഢാലോചനയാണ് മരണകാരണമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന് ആരോപിച്ചു. കേരളത്തിലെ ക്രിമിനല്‍ പൊലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനില്‍കുമാര്‍. ലക്ഷങ്ങള്‍ ഇന്ന് എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കം തമ്പാനൂര്‍ പൊലീസ് ഭീഷണി മുഴക്കിയിരുന്നു, തന്റെ സത്പേരിനു കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തതെന്നും ജയന് കുറ്റപ്പെടുത്തി.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് പൊലീസും സിപിഐഎമ്മും രംഗത്തെത്തി. നിക്ഷേപ തുക നല്‍കാത്തതിനെ തുടര്‍ന്ന് അനില്‍കുമാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തി വിട്ടയച്ചു എന്നാണ് തമ്പാനൂര്‍ പൊലീസ് അറിയിക്കുന്നത്. പാര്‍ട്ടിയെയും പൊലീസിനെയും പഴിചാരി ബിജെപി രക്ഷപ്പെടുന്നെന്ന വാദവുമായി സിപിഐഎമ്മും രംഗത്തുണ്ട്. ബിജെപി നേതാക്കള്‍ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നും ആത്മഹത്യാക്കുറിപ്പില്‍ സിപിഐഎമ്മിന്റെ പേരല്ല ബിജെപിയുടെ പേരാണ് പറയുന്നതെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



