
ന്യൂഡല്‍ഹി: പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സെപ്തംബര്‍ 30-നകം ആരംഭിക്കാന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധന നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടി. അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പിലാക്കാന്‍ തയ്യാറാകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉന്നത ഉദ്യോഗസ്ഥരോട് സെപ്തംബര്‍ ആദ്യവാരം ചേര്‍ന്ന യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നത്.
പിന്നീട്, കൂടുതല്‍ വ്യക്തതയ്ക്കായി, സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനഃപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടര്‍ പട്ടികകള്‍ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവസാനത്തെ തീവ്ര പുനഃപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികകള്‍ ഇതിനകം തന്നെ തങ്ങളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ തുടക്കമായേക്കുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറഞ്ഞു. ബിഹാറിന് ശേഷം രാജ്യത്തുടനീളം തീവ്ര പുനഃപരിശോധന നടപ്പിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായി പരിശോധന പൂര്‍ത്തിയാക്കാനാണ് ശ്രമം.
മിക്ക സംസ്ഥാനങ്ങളിലും അവസാനമായി തീവ്ര പുനഃപരിശോധന നടന്നത് 2002-നും 2004-നും ഇടയിലാണ്. കൂടാതെ അവസാനത്തെ തീവ്ര പുനഃപരിശോധന പ്രകാരമുള്ള വോട്ടര്‍മാരുമായി നിലവിലെ വോട്ടര്‍മാരെ ഒത്തുനോക്കുന്ന നടപടികള്‍ മിക്കവാറും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനനസ്ഥലം പരിശോധിച്ച് അനധികൃത വിദേശ കുടിയേറ്റക്കാരെ ഒഴിവാക്കുക എന്നതാണ് ഈ തീവ്ര പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യം.



