
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന എച്ച് 1 ബി വീസ നിരക്ക് വര്‍ധിപ്പിച്ചതില്‍ നിരാശ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്രംപിന്റെ തിരിച്ചടി ഒരുപക്ഷേ ഇന്ത്യക്ക് ഗുണകരമായേക്കാം. യുഎസ് നടപടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണകരമായി മാറിയേക്കാമെന്നും വിഷയത്തില്‍ നിരാശാജനകമായ കാഴ്ചപ്പാട് വേണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.
ഇതൊരു അപ്രതീക്ഷിത പ്രഹരമായിരുന്നു. ഹ്രസ്വകാലത്തേക്ക് ചില വ്യക്തികളെയും കമ്പനികളെയും ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ശക്തിപ്പെടുത്തിയേക്കാമെന്നും തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ നമ്മള്‍ നിരന്തരം ഇരകളാണെന്ന് സ്വയം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് മനഃപൂര്‍വം ഇന്ത്യയെ ലക്ഷ്യമിടുകയാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയ തരൂര്‍ ട്രംപിനെ പൂര്‍ണ്ണമായി മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ അടുത്ത നീക്കം പ്രവചിക്കാനോ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തി ഇതുവരെ ജനിച്ചിട്ടില്ലെന്നും പറഞ്ഞു.
അമേരിക്കയില്‍ ആവശ്യത്തിന് എഞ്ചിനീയറിങ് ബിരുദധാരികളും സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകളും ഇല്ല. നിലവില്‍ യുഎസില്‍ ചെയ്യുന്ന കമ്പനികളുടെ ചില ജോലികള്‍ ഇംഗ്ലണ്ടിലെയും അയര്‍ലന്‍ഡിലെയും, ഒരുപക്ഷേ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും ഈ കമ്പനികളുടെ മറ്റു ശാഖകളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യപ്പെടാനും, ഒരുപക്ഷേ അതിലേറെ ഇന്ത്യയിലേക്ക് വരാനുമാണ് സാധ്യതയെന്നും തരൂര്‍ നിരീക്ഷിക്കുന്നു. എച്ച് വണ്‍ ബി വീസ നിരക്ക് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.



