സിപിഐഎം നേതാക്കള്‍ പണക്കാരാകുന്നെന്ന ശബ്ദരേഖ; ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യും; ശരത്തിനെതിരെ നടപടിക്ക് ശുപാര്‍ശ

തൃശ്ശൂര്‍: സിപിഐഎം നേതാക്കള്‍ക്കെതിരെ ധനസമ്പാദനം നടത്തുന്നെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെതിരെ നടപടിയുണ്ടായേക്കും. ശരത്തിനെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ശരത്പ്രസാദിനെ ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി എടുക്കുന്നത് സംബന്ധിച്ച തീരുമാനം കീഴ്ഘടകം റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശരത് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍ദേശം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ നടപടി പ്രാബല്യത്തിലാകും.

സിപിഐഎം നേതാക്കളായ എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരെയാണ് ശരത് പ്രസാദ് ധനസമ്പാദനമെന്ന ആരോപണം ഉന്നയിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് നേതാക്കള്‍ക്കെതിരെ ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. സംഭാഷണത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. സിപിഐഎമ്മില്‍ ആര്‍ക്കാ കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും. ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്നമുണ്ടാകില്ല. ഞാന്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ പിരിവ് നടത്തിയാല്‍ മാക്സിമം കിട്ടുന്നത് അയ്യായിരം രൂപ. അതേസമയത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാകുമ്പോള്‍ 25,000. പാര്‍ട്ടി ഭാരവാഹിയാകുമ്പോള്‍ 75,000 മുതല്‍ ഒരുലക്ഷം വരെ കിട്ടും. ഇടപെടുന്ന ആളുകളുടെ സാമ്പത്തികനിലവാരം മാറിയാല്‍ നേതാക്കള്‍ ആ നിലവാരത്തിനൊത്താണ് പിന്നെ ജീവിക്കുന്നത്’ എന്നായിരുന്നു ശരതിന്റെ സംഭാഷണം.

കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടനൊക്കെ രാഷ്ട്രീയം കാരണം രക്ഷപ്പെട്ടതാണെന്നും ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നും ശരത് ആരോപിച്ചിരുന്നു. എ.സി. മൊയ്തീനൊക്കെ ജില്ലയിലെ അപ്പര്‍ ക്ലാസ് ആളുകള്‍ക്കിടയില്‍ ഇടപെടുന്ന ആളാണ്’ എന്നും പറയുന്നുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നേതാവാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. പിന്നാലെ ശരത് പ്രസാദില്‍നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു.

Scroll to Top