
മലപ്പുറം: കുഞ്ഞുങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് 13കാരനെ മുഖത്തടിച്ചും നാഭിക്ക് ചവിട്ടിയും ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. മലപ്പുറം കാടാമ്പുഴ തടംപറമ്പ് സ്വദേശി മുഹമ്മദ് അജ്ഷലിനാണ് മര്‍ദ്ദനമേറ്റത്. അജ്ഷലിന്റെ സുഹൃത്തിന്റെ പിതാവായ സക്കീറാണ് മര്‍ദ്ദിച്ചതെന്ന് അജ്ഷലിന്റെ പിതാവ് മുഹമ്മദ് അലി പറഞ്ഞു. കാലിനും തോളെല്ലിനും പരുക്കേറ്റ അജ്ഷല്‍ ഇപ്പോള്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന വഴിയാണ് സംഭവം. മുഹമ്മദ് അജ്ഷലും സുഹൃത്തും ചെറിയ വാക്കുതര്‍ക്കമുണ്ടായിരുന്നു. സുഹൃത്ത് ഇക്കാര്യം തന്റെ പിതാവിനോട് പറയുകയും സുഹൃത്തി്ന്റെ പിതാവ് സക്കീര്‍ അജ്ഷലിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നെന്ന് അജ്ഷലിന്റെ പിതാവ് മുഹമ്മദലി പറഞ്ഞു. അജ്ഷലിനെ മുഖത്തടിക്കുകയും കൈ ചുരുട്ടി കുത്തുകയും ചെയ്തു. കാല് വലിച്ച് നിലത്ത് വീഴ്ത്തി നാഭിക്കു ചവിട്ടിയതായും മുഹമ്മദലി പറയുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അജ്ഷലിന്റെ ഇളയ സഹോദരനും ഒപ്പമുള്ളപ്പോഴായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടികളെ പിന്നാലെ സ്കൂട്ടറിലെത്തി വീണ്ടും ഉപദ്രവിക്കാനും ശ്രമിച്ചിട്ടുണ്ട്. പിന്നീട് മറ്റു വഴികളിലൂടെ ഓടിയാണ് കുട്ടികള്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് സക്കീര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും മുഹമ്മദലി പറയുന്നു.
കാലിനും തോളെല്ലിനും പരുക്കേറ്റ അജ്ഷലിന് മൂത്രവിസര്‍ജനം നടത്താനും ബുദ്ധിമുട്ടുണ്ട്. നിലവില്‍ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നുതന്നെ പരാതി നല്‍കിയിട്ടും പൊലീസ് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്നും അന്ന് മൊഴിയെടുത്തില്ലെന്നും മുഹമ്മദലി പറയുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്താതെയാണ് കേസെടുത്തതെന്നും മുഹമ്മദലി ആരോപിക്കുന്നു. മകന് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുഹമ്മദലി പറഞ്ഞു.



