ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചു; സോനം വാങ്ചുക് അറസ്റ്റില്‍; രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സംശയം

ലേ: ലഡാക്കില്‍ സ്വതന്ത്ര സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തു. കലാപത്തിന് ശ്രമിച്ചെന്നും ആഹ്വാനം ചെയ്‌തെന്നും ആരോപിച്ചാണ് അറസ്റ്റ്. വാങ്ചുകിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സംശയമുണ്ട്. സ്വതന്ത്ര പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വാങ്ചുകിനെതിരെ കേന്ദ്രം നടപടി കടുപ്പിച്ചിരുന്നു. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

നേരത്തേ, തന്നെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

കഴിഞ്ഞദിവസം വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി. വിവിധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സോനത്തിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സന്നദ്ധ സംഘടയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

ബുധനാഴ്ചയായിരുന്നു ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിന്‍ സെവാങ്ങിനെതിരെയും കേസുണ്ട്. രാജ്യത്തെ നേപ്പാളാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

Scroll to Top