
ചെന്നൈ: കരൂര്‍ ദുരന്തത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് വിജയ്യുടെ പ്രതികരണം. ജീവിതത്തില്‍ ഇത്രയും വേദന അനുഭവിച്ച ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയ് പറഞ്ഞു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട സത്യം എത്രയും വേഗം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരൂരില്‍ തുടരാത്തതെന്നും വിജയ് വിഡിയോല് പറഞ്ഞു.
നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ആളുകള്‍ വരുന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. അനുവദിച്ച സ്ഥലത്ത് നിന്നാണ് പ്രസംഗിച്ചത്. പ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. താനും മനുഷ്യനാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാര്‍ഥിക്കുന്നു. ഒപ്പം നില്ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. 5 ജില്ലകളില്‍ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നുവെന്നും വിജയ് ചോദിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവച്ച പ്രവര്‍ത്തകര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ അല്ല നടപടിയെടുക്കേണ്ടത്. അവര്‍ നിരപരാധികളാണെന്നും തനിക്കെതിരെ ആയിക്കോളൂവെന്നും വിജയ് പറഞ്ഞു.



