ശബരിമല ആചാര സംരക്ഷണം; തീരുമാനം വിശദീകരിക്കാന്‍ യോഗം വിളിച്ച് എന്‍എസ്എസ്., സുകുമാരന്‍ നായര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.

പത്തനംതിട്ട: ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടി എന്‍എസ്എസ് പ്രത്യേക യോഗം വിളിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നടക്കുക. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.

താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്. യോഗത്തില്‍ ചര്‍ച്ച ചെയ്യന്ന കാര്യങ്ങള്‍ കരയോഗങ്ങളില്‍ എത്തിക്കാനാണ് നിര്‍ദേശം. ശനിയാഴ്ച ഉച്ചയോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും യോഗത്തില്‍ നേരിട്ട് പങ്കെടുക്കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും എന്‍എസഎസിനുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

കഴിഞ്ഞയാഴ്ച വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങളില്‍ സൂചന നല്‍കിയിരുന്നില്ല. ഇന്നും ജനറല്‍ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ജി സുകുമാരന്‍ നായര്‍ക്ക് എതിരെ പ്രതിഷേധ ബാനര്‍ ഉയര്‍ന്നിരുന്നു.

Scroll to Top