ഇത്തവണയും പോറ്റിയെ തന്നെ ഏല്‍പിക്കാമെന്ന് റിപ്പോര്‍ട്ട് വന്നു; ദേവസ്വം ബോര്‍ഡ് ഒന്നാകെ എതിര്‍ത്തു; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പി.എസ് പ്രശാന്ത്.

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ ഇക്കുറിയും ചെന്നൈയിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്ത്. എന്നാല്‍, ബോര്‍ഡ് ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുകയായിരുന്നു. നടപടിക്കനുസൃതമായി കാര്യങ്ങള്‍ മുന്നോട്ടുപോകണമെന്നായിരുന്നു ബോര്‍ഡ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്വര്‍ണപാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. വിജിലന്‍സ് സംഘം കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് ഈയാഴ്ച സമര്‍പ്പിച്ചേക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് എത്തറാള്ളുത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചുകഴിഞ്ഞു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ സാധിക്കണം. പ്രസിഡണ്ടിന്റെയും മന്ത്രിയുടേയും ഒക്കെ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നത് ധാര്‍മികമാണോ എന്ന് ആലോചിക്കണമെന്നും പ്രശാന്ത് പറഞ്ഞു.

 

 

Scroll to Top