
ടെല്‍ അവീവ്: ഗാസാ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ പാര്‍ട്ടികള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിക്കുകയാണ് വലതുപക്ഷം. ഇസ്രയേല്‍ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. കൂട്ടുകക്ഷി സര്‍ക്കാരില്‍നിന്ന് പിന്മാറുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ഒരു തരത്തിലും നിലവിലെ സമാധാന പദ്ധതിയില്‍ പങ്കാളികളാകില്ലെന്നും വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സര്‍ക്കാരിനെതിരെ ഈ പാര്‍ട്ടികള്‍ പരസ്യമായി രംഗത്തെത്തിയത്. ഗാസയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇസ്രയേല്‍ ധനമന്ത്രി ബെസാലേല്‍ സ്മോട്രിച്ച് മുന്നറിയിപ്പ് നല്‍കി. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗാസയുടെ സൈനിക നിരായുധീകരണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ അത്തരമൊരു നീക്കം ഇസ്രയേലിന്റെ മേല്‍ക്കൈ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിലെ 120 സീറ്റുകളില്‍ 13 എം.പിമാരുള്ള ബെന്‍ ഗ്വിറിന്റെയും സ്മോട്രിച്ചിന്റെയും പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാല്‍ സഖ്യം തകരും. ട്രംപിന്റെ പദ്ധതി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനെ താല്‍ക്കാലികമായി പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പകരമായി നെതന്യാഹുവിന് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ നെതന്യാഹു വളരെയധികം വിട്ടുവീഴ്ചകള്‍ ചെയ്തതായാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ ആരോപണം. തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ സ്വാധീനമുള്ള സഖ്യ സര്‍ക്കാര്‍ തകരാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകരും പങ്കുവക്കുന്നത്. 2026 ഒക്ടോബറിലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
അതേസമയം, ബോംബാക്രമണങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തല്‍ നിലവിലില്ലെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെഡ്രോസിയന്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ സേന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പ്രകാരം ഇസ്രയേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ഈജിപ്തിലെ ചെങ്കടല്‍ തീരനഗരമായ ഷറം അല്‍ ഷെയ്ഖില്‍ ആരംഭിച്ചു. ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗാസയില്‍ ശേഷിക്കുന്ന 48 ബന്ദികളില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.



