മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിര്‍ണായക ഉത്തരവ്; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; സിംഗിള്‍ ബഞ്ച് വിധി തിരുത്തി ഡിവിഷന്‍ ബഞ്ച്

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ സിംഗിള്‍ ബഞ്ച് വിധി തിരുത്തിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു.

മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്ന് ഇതിനെതിരേ അപ്പീല്‍ പോവുകയായിരുന്നു. ഈ അപ്പീലിലാണ് സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്. സര്‍ക്കാരിന് കമ്മിഷനെ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനൊപ്പമാണ് സുപ്രധാന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Scroll to Top