
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തൃശ്ശൂരില്‍ നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ജെ ജനീഷിനെ നിയമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് 51 ദിവസം പിന്നിടുമ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്.
ബിനു ചുള്ളിയില്‍ ആണ് വര്‍ക്കിങ് പ്രസിഡണ്ട്. അബിന്‍ വര്‍ക്കിയും, കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി.
തൃശൂരില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ഒ.ജെ.ജനീഷ്. തൃശൂര്‍ ജില്ലയിലെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പുതിയ അധ്യക്ഷനായി വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. അബിന്‍ വര്‍ക്കി, അരിതാ ബാബു, വിഷ്ണു സുനില്‍, അനുതാജ്, എസ്. വൈശാഖ്, ദര്‍ശന്‍, ഒ.ജെ. ജനീഷ്, ഷിബിന എന്നീ വൈസ് പ്രസിഡണ്ടുമാരില്‍ അബിന്‍ വര്‍ക്കിയുടെ പേരാണ് കൂടുതല്‍ ഉയര്‍ന്നുകേട്ടിരുന്നതെങ്കിലും സാമുദായിക സന്തുലനം തടസ്സമായി.
കെപിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെഎസ്യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണെന്നതാണ് അബിന്റെ സാധ്യത കുറച്ചത്. ഇതോടെയാണ് ഒ.ജെ. ജനീഷിന് നറുക്കുവീണത്. കെ.സി. വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവാണ് ജനീഷ്.



