
ഇസ്ലാമാബാദ്: പാകിസ്താന് കേന്ദ്രമായ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് പുതിയ വനിതാ വിഭാഗം രൂപീകരിച്ചു. ജമാഅത്ത് ഉല് മുഅ്മിനാത്ത് എന്ന് പേരിട്ടാണ് പുതിയ വനിതാ വിഭാഗം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെ ജയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകര്‍ഷിക്കാനും റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ട് വനിതകള്‍ക്കായി ഓണ്‍ലൈന്‍ പരിശീലന കോഴ്സും ആരംഭിച്ചിട്ടുണ്ട്. തുഫത്ത് അല്‍ മുഅ്മിനാത്ത് എന്ന ഓണ്‍ലൈന്‍ കോഴ്സിന് 500 രൂപയാണ് പ്രവേശന ഫീസ്. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.
ദിവസേന 40 മിനിറ്റ് വീതമുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് നവംബര്‍ 8ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ജെയ്ഷെ സ്ഥാപകന്‍ മസൂദ് അസറിന്റെയും കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ജെയ്ഷെ നേതാക്കളുടെ കുടുംബത്തിലെ വനിതകളായിരിക്കും ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നത്. മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറും നയിക്കുന്ന ക്ലാസുകള്‍ സ്ത്രീകളെ സംഘടനയുടെ വനിതാവിഭാഗത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. അസറിന്റെ ഇളയ സഹോദരിയായ സാദിയ അസറിനാണ് ജമാഅത്തിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ യൂസഫ് അസ്ഹറിന്റെ ഭാര്യയാണ് മസൂദ് അസറിന്റെ സഹോദരിയായ സാദിയ അസ്ഹര്‍. പഹല്‍ഗാം ആക്രമണകാരികളില്‍ ഒരാളായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീര്‍ ഫാറൂഖിനെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമര്‍ ഫാറൂഖിനെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
ഐസിസ്, ഹമാസ്, എല്‍ടിടിഇ എന്നിവയുടെ മാതൃകയില്‍ ഒരു വനിതാ സേന കെട്ടിപ്പടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ചാവേര്‍ ആക്രമണങ്ങള്‍ക്ക് വരെ സ്ത്രീകളെ ഉപയോഗിച്ചേക്കാന്‍ സാധ്യതയുണ്ട്. ബഹാവല്‍പുര്‍, കറാച്ചി, മുസാഫറാബാദ്, കോട്ലി, ഹരിപുര്‍, മന്‍സെഹ്റ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളെയും കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് സംഘം പ്രധാനമായും നടത്തുന്നത്. ഓപ്പറേഷന് സിന്ദൂറിനും പഹല്‍ഗാം ആക്രമണത്തിനും ശേഷം, സുരക്ഷാ പരിശോധനയില്‍നിന്ന് രക്ഷപ്പെടാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും വനിതാ അംഗങ്ങളെ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ജയ്ഷെ മുഹമ്മദിന്റെ നേതൃത്വം മനസിലാക്കിയിരിക്കുന്നത്. ഈ കോഴ്സ് ആ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
പരമ്പരാഗതമായി, സ്ത്രീകള്‍ സായുധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനോട് വിലക്ക് ഏര്‍പ്പെടുത്തിയ സംഘടനയാണ് ജയ്ഷെ മുഹമ്മദ്. എന്നാല്‍ മസൂദ് അസ്ഹറും സഹോദരന് തല്‍ഹ അല്‍-സെയ്ഫും അടുത്തിടെ സംഘടനയുടെ പ്രവര്‍ത്തന ചട്ടക്കൂടില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അംഗീകാരം നല്‍കിയതായാണ് വിവരം.



