
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ചോദ്യം ചെയ്യലിനാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. മുരാരി ബാബുവിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സുപ്രധാനമായ വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
ഇന്നലെ രാത്രി 10ന് പെരുന്നയിലെ വീട്ടിലെത്തിയാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ദേവസ്വത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബോര്‍ഡിന്റെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് കസ്റ്റഡിയിലായിരിക്കുന്നത്. തൊണ്ടി മുതല്‍ കണ്ടെത്തുന്നതിനൊപ്പം ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്വര്ണപ്പാൡവിവാദത്തില് മുരാരി ബാബുവിന്റെ പങ്കെന്ത്, ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നിവയെല്ലാം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഉണ്ണിക്കൃഷ്ണന് പോറ്റിയേയും ബാബുവിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പ്പങ്ങള് ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം. ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്നും മുരാരി ബാബു ആവര്‍ത്തിച്ചിരുന്നു.



