
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതില്‍ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്ര ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നും മന്ത്രി വിശദീകരിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ വിശദീകരണം. വിമര്‍ശനങ്ങളും അവയ്ക്കുള്ള മറുപടികളും യാഥാര്‍ത്ഥ്യങ്ങള്‍ എന്ന രീതിയില്‍ ഫേസ്ബുക്ക് കുറിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായെന്ന് മന്ത്രി പറയുന്നു. ഒപ്പിട്ടതിനാല്‍ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവന്‍സുകള്‍ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി ആവര്‍ത്തിച്ചു.
വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായും വിശദീകരണമായും സര്‍ക്കാര്‍ പറയുന്നത് ഇതാണ്. പദ്ധതിയില്‍ ഒപ്പ് വയ്ക്കുന്നതോടെ 2020-ലെ ദേശീയ വിദ്യാഭ്യാസനയം പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. 2023 മുതലുള്ള എസ്എസ്‌കെ ഫണ്ടാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. 2022 മുതല്‍ തന്നെ എസ്എസ്‌കെയെ എന്‍ഇപി നടപ്പാക്കാനുള്ള ടൂള്‍ ആയി കേന്ദ്രം പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് വാതില്‍ തുറന്നു കൊടുക്കുന്നില്ല,. കാരണം എന്‍ഇപിയിലെ ഒരു സെക്ഷന്‍ പ്രകാരം തന്നെ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഫെഡറല്‍ തത്വങ്ങള്‍ അടിയറ വച്ചു എന്നല്ല, ഫെഡറല്‍ തത്വങ്ങള്‍ക്കു വേണ്ടിയാണ് ഈ പോരാട്ടമെന്ന് സംസ്ഥാനം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിര്‍ക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം.
സ്‌കൂള്‍ കോംപ്ലക്സുകളുടെ പേരില്‍ ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ലെന്നും ഈ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്‌കൂളുകള്‍ ഏറ്റെടുത്ത് സംരക്ഷിച്ച് 9 വര്‍ഷം കൊണ്ട് 11 ലക്ഷം പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന സര്‍ക്കാരാണിതെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു. പ്രധാനമന്ത്രിയുടെ പേരില്‍ പദ്ധതി നടപ്പാക്കുന്നു എന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. സ്‌കൂളുകളുടെ പേരിന് മുന്‍പില്‍ പി എം ശ്രീ എന്ന് ചേര്‍ക്കണം എന്നല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നില്ല.
പി.എം ശ്രീ സ്‌കൂളുകളുടെ മേല്‍നോട്ടം കേന്ദ്രത്തിനാകില്ല. ഈ സ്‌കൂളുകളുടെ മാനേജ്മെന്റും മേല്‍നോട്ടവും നിലവിലെ സംസ്ഥാന- ജില്ലാ- ബ്ലോക്ക്തല ഘടകങ്ങള്‍ക്കാകും. പൊതുവിദ്യാഭ്യാസ മേഖലയില്‍ രണ്ടുതരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പി.എം.ശ്രീയിലും മറ്റ് വിദ്യാലയങ്ങളിലും എസ്.സി.ഇ.ആര്‍.ടിയുടെ തന്നെ സിലബസ് തുടരാനാകും.



